റിയാദ്: ഹൗസ് ഡ്രൈവർ വിസയിലെത്തി കബളിപ്പിക്കപ്പെട്ട് മരുഭൂമിയിൽ ദുരിതജീവിതത്തിലായി രണ്ട് ആന്ധ്ര സ്വദേശികൾ.
ആന്ധ്രപ്രദേശിലെ രാജാംപ്പെട് എന്ന സ്ഥലത്തുനിന്ന് സൗദിയിലെത്തിയ വെങ്കട്ട് രമണനും മരുമകൻ വിനോദ്കുമാറും ഈ ദുരിതം പേറാൻ തുടങ്ങിയിട്ട് എട്ടു വർഷമായി. നോക്കെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമിയല്ലാതെ പുറംലോകം കണ്ടിട്ടില്ല ഇരുവരും. വെങ്കട്ട് രമണെൻറ മകളുടെ ഭർത്താവാണ് വിനോദ്കുമാർ.
റിയാദ് വിമാനത്താവളത്തിൽനിന്ന് ഇവരെ സ്പോൺസർ കൊണ്ടുപോയത് നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെ ദവാദ്മിക്കടുത്തുള്ള അൽ ജില എന്ന മരുപ്രദേശത്തെ കാലിത്തൊഴുത്തിലേക്ക്. ദിവസങ്ങൾക്കുശേഷം വിനോദിനെ 150 കിലോമീറ്റർ അകലെയുള്ള മറ്റൊരു മരുഭൂമിയിലേക്ക് ഒട്ടകങ്ങളെ പരിചരിക്കാൻ നിയോഗിച്ചു. പിന്നെ വർഷങ്ങളായി ഇവർ തമ്മിൽ ബന്ധപ്പെടാനോ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. രണ്ടുപേർക്കും വർഷങ്ങളായി സ്പോൺസർ ശമ്പളം നൽകിയിട്ട്. കൃത്യമായി ഭക്ഷണമോ ആവശ്യമായ ചികിത്സയോ ഇവർക്ക് ലഭിച്ചിരുന്നില്ല. പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമയാണ് ഇപ്പോൾ വെങ്കട്ട് രമണൻ. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിലാണ് വിനോദ് കുമാർ ഭാര്യാപിതാവിനൊപ്പം സൗദിയിൽ എത്തിയത്. ഇവരെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ലെന്ന് കാട്ടി കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു.
ഒടുവിൽ ആന്ധ്രപ്രദേശ് രാജയമ്പേട്ടിൽ നിന്നുള്ള ലോക്സഭാംഗം പി.വി. മിഥുൻ റെഡ്ഡി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ നേരിട്ട് വിഷയം ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയോട് ഇവരെ കണ്ടെത്തി നാട്ടിെലത്തിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. എംബസി അധികൃതർ ചുമതലപ്പെടുത്തിയതുപ്രകാരം ദവാദ്മിയിലെ സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലി നിരന്തരമായ അന്വേഷണം നടത്തി ഒടുവിൽ മരുഭൂമിയിൽ നിന്ന് വെങ്കട്ട് രമണനെ കണ്ടെത്തുകയും രക്ഷിക്കുകയുമായിരുന്നു. മരുമകൻ വിനോദ്കുമാറിനായുള്ള അന്വേഷണത്തിലാണ് ഹുസൈനും സുഹൃത്തുക്കളും.
തൊഴിലിടത്തിലെ പീഡനം ഉന്നയിച്ചും വർഷങ്ങളായുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ലേബർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹുസൈൻ അലിയുടെ സഹായത്തോടെ വെങ്കട്ട് രമണൻ. വി.പി. മിഥുൻ റെഡ്ഡി എം.പിയുടെ പേഴ്സനൽ സ്റ്റാഫ് അംഗവും മലയാളിയുമായ സജയ് സെബാസ്റ്റ്യൻ ഈ വിഷയത്തിൽ ഹുസൈനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുന്നതായും ഹുസൈൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഹുസൈനെ സഹായിക്കാൻ പ്രവാസി സാംസ്കാരികവേദി പ്രവർത്തകൻ നിഹ്മതുല്ലാഹ്, കെ.എം.സി.സി പ്രവർത്തകൻ സുബൈർ പാലാഴി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.