ദമ്മാം: ഏറെ പ്രത്യേകതകളോടെ സംഘടിപ്പിക്കുന്ന എട്ടാമത് സൗദി ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയം ബുധനാഴ്ച അവസാനിക്കുമെന്ന് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. ജൂൺ രണ്ടു മുതൽ ഒമ്പതു വരെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ 'ഇത്ര'യിലാണ് ഫെസ്റ്റിവൽ. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നിരവധി പരിമിതികളോടെയാണ് ഏഴാമത് പതിപ്പ് സംഘടിപ്പിച്ചത്. എന്നാൽ, ഇത്തവണ കൂടുതൽ സൗകര്യങ്ങളോടെ ആഗോള സിനിമ പ്രതിഭകളുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മേള സംഘടിപ്പിക്കാനാണ് തീരുമാനം.
ചൈനയാണ് ഇത്തവണത്തെ അതിഥി രാജ്യം. www.saudifilmfestival.org എന്ന ഫെസ്റ്റിവൽ വെബ്‌സൈറ്റ് വഴിയാണ് മേളയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ചിത്രീകരിച്ചിട്ടില്ലാത്ത തിരക്കഥകൾ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പ്രധാനമായും മത്സരം നടക്കുക. 'ഗൾഫ് ഫിലിം അവാർഡിൽ' പങ്കെടുക്കാനും മികച്ച ചിത്രങ്ങൾ നിർദേശിക്കാനും ഗൾഫ് ചലച്ചിത്ര പ്രവർത്തകരോട് ഫെസ്റ്റിവൽ മാനേജ്‌മെന്റ് നിർദേശിച്ചിരുന്നു. ഫെസ്റ്റിവൽ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നിർദേശം ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്നത്. ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഇവർ നിർദേശിക്കുന്ന ചിത്രങ്ങളാണെങ്കിൽ പ്രത്യേക സമ്മാനങ്ങളും നൽകും. സൗദിയിലെ സിനിമ മേഖലയെ കൂടുതൽ കരുത്തുള്ളതാക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്ക് മേള കാരണമാകും. സിനിമയുമായി ബന്ധപ്പെട്ട പുസ്തകളുടെ പ്രകാശനങ്ങൾ, സിനിമയുടെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട ശിൽപശാലകൾ, സെമിനാറുകൾ എന്നിവയും നടക്കും.
കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷന്റെ ദമ്മാം ശാഖ 2008ലാണ് സൗദി ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്. സൗദിയിലെ സിനിമ ചരിത്രത്തിലെ അത്യപൂർവ സംഭവമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ 865 സിനിമകളും 1,043 തിരക്കഥകളും അവതരിപ്പിക്കപ്പെട്ടത് വിസ്മയകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.