ജിദ്ദ: ഈ വർഷം ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ വിപുലമായ ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനങ്ങൾ. കര, കടൽ, വിമാനം വഴിയെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും അവർക്ക് സേവനം നൽകാനും ഹജ്ജുമായി ബന്ധപ്പെട്ട ഗതാഗത ലോജിസ്റ്റിക് വകുപ്പുകളും സ്ഥാപനങ്ങളും ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിവരുകയാണ്. ഗതാഗത, ലോജിസ്റ്റിക്സ് വകുപ്പുകളെ ഹജ്ജ് സേവന രംഗത്തെ പ്രധാന പങ്കാളികളായാണ് കണക്കാക്കുന്നത്. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് ആറ് പ്രധാന വിമാനത്താവളങ്ങൾ ഒരുക്കിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അമീർ അബ്ദുൽ മുഹ്സിൻ അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ഇതിലുൾപ്പെടുന്നു. 7,700 വിമാന സർവിസുകൾ വഴി തീർഥാടകരെത്തും. 3.4 ദശലക്ഷം സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.
തീർഥാടകരെ സേവിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എയർപോർട്ട് ഹോൾഡിങ് പറഞ്ഞു. ആറ് പ്രധാന വിമാനത്താവളത്തിൽ 13 ട്രാവൽ ലോഞ്ചുകൾ തീർഥാടകരെ സ്വീകരിക്കാൻ പ്രത്യേകം നിശ്ചയിട്ടുണ്ട്. 21,000ത്തിലധികം സ്ത്രീ-പുരുഷ ജീവനക്കാർ സേവനത്തിനുണ്ടാകും. ‘ട്രാവലർ വിത്തൗട്ട് ബാഗ്’ സേവനം ലഭ്യമാകുമെന്നും ഹോൾഡിംങ് കമ്പനി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളിൽ തീർഥാടകർക്ക് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണിത്. താമസസ്ഥലത്ത് നിന്ന് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വിമാന സമയത്തിന് 24 മണിക്കൂർ മുമ്പ് ലഗേജുകൾ കയറ്റുമതി ചെയ്യാനും അനുവദിക്കുന്നതാണ് ഈ സേവനമെന്നും ഹോൾഡിങ് കമ്പനി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകരെ എത്തിക്കാൻ 150 വിമാനങ്ങളുണ്ടാകുമെന്നും 12 ലക്ഷത്തിലധികം സീറ്റുകൾ തീർഥാടകർക്ക് ഒരുക്കുകയും ചെയ്തതായി സൗദി എയർലൈൻസ് പറഞ്ഞു.
ഹജ്ജ് വേളയിൽ മിന, മുസ്ദലിഫ, അറഫാത്ത് എന്നിവ ഉൾപ്പെടുന്ന ഒമ്പത് സ്റ്റേഷനുകൾക്കിടയിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് മശാഇർ ട്രെയിൻ രണ്ടായിരത്തിലധികം സർവീസുകൾ തയാറാക്കിയതായി സൗദി റെയിൽവേ പറഞ്ഞു. 17 ട്രെയിനുകൾ സേവനത്തിനായി ഉണ്ടാകും. മശാഇർ ട്രെയിനിൽ ‘ബ്രേസ്ലെറ്റ് ടിക്കറ്റ്’ എന്ന സംരംഭം നടപ്പിലാക്കും. അൽഹറമൈൻ റെയിൽവേക്ക് കീഴിൽ മക്കക്കും മദീനക്കുമിടയിൽ സർവിസിന് 35 ട്രെയിനുകളുണ്ടാകും. ഇവ അഞ്ച് സ്റ്റേഷനുകളിലൂടെയും സർവിസ് നടത്താൻ തയാറെടുക്കുകയാണ്. ഹജ്ജ് സീസണിൽ 3,800 ലധികം ട്രിപ്പുകൾ നടത്തും. ജിദ്ദ ഇസ്ലാമിക് പോർട്ടിലെത്തുന്ന ഏകദേശം 10000 തീർഥാടകരെ സ്വീകരിക്കാൻ 448 ജീവനക്കാരെ നിയോഗിച്ചതായി ജനറൽ പോർട്ട് അതോറിറ്റി വിശദീകരിച്ചു.
കരഗതാഗതത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയും പറഞ്ഞു. 27000-ത്തിലധികം ബസുകളും 5000 ടാക്സികളും തീർഥാടകരെ കൊണ്ടുപോകുന്നതിനുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് 16 പൊതുഗതാഗത റൂട്ടുകൾ നിശ്ചയിട്ടുണ്ട്. തീർത്ഥാടകരെ കൊണ്ടുപോകുന്നതിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ അതോറിറ്റി ട്രാൻസ്പോർട്ടിങ് കമ്പനികളെ നിരീക്ഷിക്കുമെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.