ജിദ്ദ: ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും നിർണായക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി പ്രവാസി കുടുംബങ്ങളുടെ ഗൾഫിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രവിശ്യ പ്രസിഡൻറ് ഉമർ പാലോട് അഭ്യർഥിച്ചു. നാട്ടിലെ സ്കൂൾ അവധിയും സന്ദർശക വിസയുടെ എളുപ്പത്തിലുള്ള ലഭ്യതയും ഉപയോഗപ്പെടുത്തി ധാരാളം പ്രവാസികൾ കുടുംബത്തെ കൊണ്ടുവരുകയാണെന്നും വോട്ടെടുപ്പ് കഴിയുന്നതുവരെ ഇത് നീട്ടിവെക്കണമെന്നാണ് പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രവർത്തകരോട് ഇക്കാര്യം പ്രത്യേക നിർദേശമായി നൽകിയിട്ടുണ്ട്. വെൽഫെയർ പാർട്ടി നേതാവും പ്രവാസി വെൽഫെയർ ഫോറം പ്രസിഡൻറുമായ അസ് ലാം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിൽ എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും തകർത്ത് വംശീയഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് എല്ലാ ഇന്ത്യക്കാരും ഗൗരവത്തോടെ കാണണമെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അതിനായി യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഒരുമിച്ചിരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യവും സൗഹൃദവും ശക്തമാക്കി വംശീയ ഭരണകൂടത്തിൻറെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ ഒത്തൊരുമിച്ചു ചെറുക്കാൻ ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ തന്നെ സാധിക്കുമെന്നും അസ്ലം ചെറുവാടി പറഞ്ഞു. ഇതിനുള്ള അവസരമായി വരുന്ന തെരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജിദ്ദ പൊതുസമൂഹത്തിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള സംഘടന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.