റിയാദ്: ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട് സൗദിയിലെത്തിയ നഴ്സുമാരിൽ കുറച്ചുപേർ യഥാസമയം യാത്രാസൗകര്യം കിട്ടാത്തതിനാൽ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മുന്നൂറോളം നഴ്സുമാരിൽ 50ഒാളം പേർക്കാണ് വിമാനത്താവളത്തിൽ ഒരുദിവസം മുഴുവൻ കാത്തിരിക്കേണ്ടിവന്നത്.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇൗ നഴ്സുമാർ കൊച്ചിയിലെത്തി അവിടെനിന്ന് വെള്ളിയാഴ്ചയാണ് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിലെത്തിയത്. അബഹ, ബീഷ, ഖുറിയാത്, ഖസീം, ജീസാൻ, ഹഫർ ബാത്വിൻ, മജ്മഅ, ദവാദ്മി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലേക്കുള്ളവരാണ് ആ ഭാഗങ്ങളിലേക്കുള്ള ഗതാഗത സൗകര്യം യഥാസമയം കിട്ടാത്തതിനാൽ കുടുങ്ങിയത്.
ഇവരോടൊപ്പം എത്തിയ റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ആശുപത്രികളിലേക്കുള്ള നഴ്സുമാരെ ആരോഗ്യ മന്ത്രാലയം ഏർപ്പാടാക്കിയ വാഹനങ്ങളിൽ അന്നുതന്നെ താമസസ്ഥലങ്ങളിൽ എത്തിച്ചിരുന്നു.
ജീസാനിലേക്കുള്ളവരെ അടുത്തദിവസം രാവിലെ വിമാനമാർഗവും കൊണ്ടുപോയിരുന്നു. ബാക്കിയുള്ള 45 നഴ്സുമാർക്കാണ് 24 മണിക്കൂർ വിമാനത്താവളത്തിൽ കഴിയേണ്ടിവന്നത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലായ ഇവരെ സഹായിക്കാൻ പ്രവാസി സാംസ്കാരിക വേദിയുടെ പ്രവർത്തകർ രംഗത്തുവരുകയായിരുന്നു.
ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. നഴ്സുമാരുടെ തുടർയാത്രക്കുള്ള സൗകര്യം ലഭ്യമാക്കാൻ പ്രവർത്തകർ ഏറെ ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 2.45ഒാടെ 31 പേരെ ഹോട്ടലിലേക്ക് മാറ്റി. ബാക്കി 14 പേരെ ഖസീം പ്രവിശ്യയിലേക്ക് ബസ് ഏർപ്പാടാക്കി അയക്കുകയും ചെയ്തു.
പ്രവാസി സാംസ്കാരിക വേദി വളൻറിയർമാർ വിഷയം ഇന്ത്യൻ എംബസിയെ അറിയിക്കുകയും ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ എസ്.ആർ. സജീവ്കുമാർ അടിയന്തര നടപടിക്ക് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു. എംബസി ഉദ്യോഗസ്ഥർ നഴ്സുമാരെ ഹോട്ടലിൽ സന്ദർശിക്കുകയും വിഷയം ആരോഗ്യമന്ത്രാലയത്തിെൻറ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരായ അംജദ്, സൈനുൽ ആബിദീൻ, ജഹാംഗീർ, നിഹ്മത്തുല്ല, ഫൈസൽ, അഫ്സൽ, ശിഹാബ് കുണ്ടൂർ, അബ്ദുറഹ്മാൻ മറായി, അയ്മൻ എന്നിവരാണ് സേവന പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.