റിയാദ്: യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ ശ്രമങ്ങളെ പിന്തുണച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). റിയാദിൽ നടന്ന കൗൺസിലിന്റെ 151-ാമത് സെഷനിൽ പങ്കെടുത്ത അംഗ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പുതുതായി രൂപവത്കരിച്ച യമൻ പ്രസിഡൻഷ്യൽ കൗൺസിലിന്റെ നീക്കങ്ങളെയും സ്വാഗതം ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫും പങ്കെടുത്തു.
യമനിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടത്തിയത് അവരുടെ രാജ്യത്തെ സമാധാനത്തിലേക്ക് എത്തിക്കുമെന്ന് പ്രമുഖ സൗദി രാഷ്ട്രീയകാര്യ വിദഗ്ധൻ മുബാറക് അൽ-അതി പറഞ്ഞു. ആശങ്കജനകമായ വിഷയങ്ങളിൽ ഏകീകൃത നിലപാട് സ്വീകരിക്കുന്നതിലൂടെ ലോകരാജ്യങ്ങൾക്കുമുന്നിൽ ശക്തമായ ഗൾഫ് ശബ്ദം കേൾപ്പിക്കുന്ന ഒരു വേദിയാകാൻ ജി.സി.സിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി അധികാരം പുതുതായി രൂപവത്കരിച്ച പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിന് കൈമാറിയത്.
മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ റഷാദ് അൽ ആലിമിയുടെ നേതൃത്വത്തിലുള്ള എട്ടംഗ കൗൺസിൽ രാജ്യത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു.
രാഷ്ട്രീയ, സൈനിക, സുരക്ഷ പരമായി രാജ്യത്തെ നിയന്ത്രിക്കാനുള്ള അധികാരമാണ് കൗണ്‍സിലിനുള്ളത്.
ഈ നീക്കത്തെ പിന്തുണച്ച സൗദി അറേബ്യ 300 കോടി ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിക്കുകയും വിമതരായ ഹൂതികളുമായി സന്ധിസംഭാഷണം നടത്താൻ കൗൺസിലിനോട് നിർദേശിക്കുകയും ചെയ്തിരു
ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.