കൊല്ലം തോറും നടത്തിവരാറുള്ള പതിവ് യാചനയും ആനുകൂല്യ ഉത്തരവും ഇത്തവണയും ആവർത്തിക്കപ്പെട്ടിരിക്കുന്നു. പെരുന്നാളിന്റെ അവധിക്കാര്യമാണ്. പെരുന്നാൾ അവധി ഒരു ദിവസമായി സർക്കാർ കലണ്ടറിൽ പരിമിതപ്പെടുത്തുക, മുസ്ലിം സമൂഹത്തിന്റെ കുത്തക ഞങ്ങൾക്കാണെന്ന പോലെ എണ്ണിയാൽ തീരാത്ത മുസ്ലിം സംഘടനകൾ അവധി കൂട്ടണമെന്ന് ഒറ്റയും തെറ്റയുമായി ആവശ്യപ്പെടുക. ഔദാര്യം പോലെ സർക്കാർ ഒരു ദിവസം കൂടി അനുവദിക്കുക.
ഞാൻ/ഞങ്ങൾ പറഞ്ഞത് കേട്ടാണ് സർക്കാർ അവധി കൂട്ടിയതെന്ന് സംഘടനകൾ പുളകം കൊള്ളുക. എന്തൊരു നല്ല വാർഷിക ആചാരങ്ങൾ അല്ലേ. ദേശീയ ആഘോഷമായ ഓണത്തിന് പത്ത് ദിവസമുണ്ട് അവധി, ക്രിസ്മസിന് പത്ത് ദിവസം അവധി നൽകുന്നുണ്ട്. പിന്നെന്താ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം എന്ന തൂക്കം വെച്ചുള്ള ചില സംസാരങ്ങളും ഇടയിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്.
ഇനി കാര്യത്തിലേക്ക്, രണ്ട് പെരുന്നാളാണ് മുസ്ലിം വിശ്വാസികൾക്കുള്ളത്. ഒരു മാസത്തെ വ്രതാനുഷ്ഠാനം കഴിഞ്ഞ ദിവസം ഈദുൽ ഫിത്ർ. ഒരു ദിവസമാണ് ഈദുൽ ഫിത്ർ എങ്കിലും പെരുന്നാളിന്റെ പ്രധാന ഭാഗമായ ആരാധനകളും കുടുംബ-സൗഹൃദങ്ങളുടെ കൂടിച്ചേരലും മറ്റുമൊക്കെയായി മൂന്ന് ദിവസമെങ്കിലും അവധി ന്യായമാണ്. ഹജ്ജുമായി ബന്ധപ്പെട്ട ഈദുൽ അദ്ഹ ആണ് രണ്ടാമത്തേത്. ഈദുൽ അദ്ഹ എന്ന വലിയ പെരുന്നാൾ ഒരു ദിവസമല്ല, അത് നാലുദിവസമാണ്. അത് മതത്തിന്റെ കൃത്യമായ കണക്കാണ്.
ദുൽഹജ്ജ് 10ന് പ്രധാന പെരുന്നാളെങ്കിൽ തൊട്ടടുത്ത മൂന്ന് ദിവസങ്ങൾ (അയ്യാമുതശ്രീഖ്) തുല്യ പ്രാധാന്യമുള്ള ആഘോഷ-ആഹ്ലാദ-ആരാധനാ നിമഗ്നമാവേണ്ട ദിവസങ്ങൾ തന്നെയാണ്. അഥവാ ചുരുങ്ങിയത് നാല് ദിവസത്തെ അവധിക്ക് തികച്ചും ന്യായം. ഇതിനെ രാഷ്ട്രീയമായല്ല കാണേണ്ടത്, സഹജീവികളായ മുസ്ലിംകളുടെ താന്താങ്ങൾ കൂടെ പങ്കുചേരുന്ന സന്തോഷത്തിന്റെ ദിനങ്ങളായാണ് ഓരോ കേരളീയനും കാണേണ്ടത്.
ശരിയാണ്, വലതുപക്ഷ ഭരണ കാലങ്ങളിൽ ഒരു തീരുമാനം എടുക്കാമായിരുന്നു. പ്രത്യേകിച്ചും മുസ്ലിം സമുദായ പാർട്ടിക്ക് വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്ന സർക്കാർ കാലങ്ങളിൽ. എന്തേ നടന്നില്ല എന്ന് വിശദീകരിക്കേണ്ടത് അവർ തന്നെയാണ്. ന്യായീകരണമല്ല, വിശദീകരണം.
ഇനി, എന്തും ഏതും രാഷ്ട്രീയ ആയുധമാക്കുന്ന രാഷ്ട്രീയക്കാരോട്, ഒരു കർണാടക മോഡലിന് സാധ്യതയുണ്ട്. തികച്ചും ന്യായമായ പെരുന്നാൾ ആരാധന-ആഘോഷങ്ങൾ കൃത്യമായി നിർവഹിക്കാനാവും വിധം അവധി ദിനങ്ങളുടെ കൃത്യമായ പ്രഖ്യാപനം. ഭരണം കിട്ടിയാൽ അതുണ്ടാവുമെന്ന് വലതുപക്ഷത്തിന് നേരത്തെ പ്രഖ്യാപിക്കാവുന്ന സമയമാണിത്. മതപരമായ ആചാരങ്ങളെ രാഷ്ട്രീയമായ കോണിലൂടെ വീക്ഷിക്കുന്ന ഇടതുപക്ഷത്തിന് അങ്ങനെ പ്രഖ്യാപിക്കാൻ പരിമിതി ഉണ്ടെന്നാലും വോട്ടെണ്ണവും മൂന്നാം ടേമും സ്വപ്നം കണ്ട് പ്രഖ്യാപിക്കാവുന്നതാണ്.
സാമ്പത്തികമായ പുരോഗതി കൈവരിച്ച ഇക്കാലത്ത് എന്നും പെരുന്നാൾ തന്നെയല്ലേ എന്ന ഒറ്റപ്പെട്ട ചോദ്യങ്ങളുയരുന്നത് അവഗണിക്കാം. അവധി എണ്ണം കൂട്ടാതിരിക്കാനുള്ള ന്യായീകരണമാണ് അതെങ്കിൽ കാണം വിറ്റ് ഓണമുണ്ണുന്ന കാലമൊക്കെ പോയില്ലേ, ഇനിയെന്തിന് പത്തുദിവസം എന്ന ചോദ്യം കൂടി അത്തരക്കാരിൽ നിന്നുയരണം.
കാര്യം എന്തായാലും, വിശ്വാസികളുടെ ആഘോഷവും ആരാധനയും പൂർണമായി നിർവഹിക്കാവുന്ന തരത്തിൽ ആവശ്യമായ ദിവസങ്ങൾ അനുവദിക്കുന്ന ഒരു തീരുമാനം ഉണ്ടാവുക എന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ തികച്ചും ഉചിതമാണ്. അഥവാ, കൊല്ലം തോറുമുള്ള യാചനയും ഔദാര്യമെന്നോണം സർക്കാർ വക ഒരു ദിവസം നീട്ടൽ പ്രഖ്യാപനവും ഇത്രയേറെ പുരോഗമിച്ച ഒരു സമൂഹത്തിനും സർക്കാറിനും യോജിച്ചതേ അല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.