റിയാദ്: വിവിധ കൃതികളുടെ അവതരണവും സർഗസംവാദവുമായി ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടി സംഘടിപ്പിച്ചു. സിദ്ധാന്തങ്ങളുടെ ഉരുക്കുശക്തിയുള്ള പുറന്തോടുകളെ തുരന്ന് വ്യാപിക്കാൻ വേണ്ട തീവ്രശേഷിയുള്ള ജാതീയതയെ ചർച്ചയാക്കുന്ന നോവലാണ് ‘ഒസ്സാത്തി’യെന്ന് ചില്ല ജൂൺ വായനക്ക് തുടക്കം കുറിച്ചുകൊണ്ട് നന്ദൻ അഭിപ്രായപ്പെട്ടു.
ചില്ല അംഗമായ ബീനയുടെ രണ്ടാമത്തെ നോവലായ ഒസ്സാത്തി ഇന്ത്യൻ മുസ്ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്ന ജാതീയതയെ ഒസ്സാന്മാരുടെ ജീവിത പശ്ചാത്തലത്തിലാണ് പരിശോധിക്കുന്നത്. ഡി.ജി.പി ജേക്കബ് തോമസിെൻറ ആത്മകഥ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്‌തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നതെന്ന് നജിം പറഞ്ഞു. അരുന്ധതി റോയിയുടെ പുതിയ നോവൽ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ ശമീം തളാപ്രത്ത് അവതരിപ്പിച്ചു. കഥപറച്ചിലില്‍ അരുന്ധതി റോയിക്കുള്ള മാന്ത്രികത തുറന്ന് കാട്ടുന്നതാണ് രണ്ട് ദശകത്തിനു ശേഷം പുറത്തിറങ്ങിയ നോവലെന്ന് ശമീം അഭിപ്രായപ്പെട്ടു. ഹെൻറി ഷാരിയറിെൻറ ‘പാപ്പിയോൺ’ എന്ന ആത്മകഥാംശമുള്ള കൃതിയുടെ വായനാനുഭവം ഇഖ്ബാൽ കൊടുങ്ങല്ലൂർ പങ്കുവെച്ചു. സ്വതന്ത്രമായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രമായ അഭിലാഷങ്ങളും ശ്രമങ്ങളുമാണ് ഹെൻറി ഷാരിയർ പറയുന്നത്. ദീപക് ഉണ്ണികൃഷ്ണെൻറ ‘ടെംപററി പീപ്പിൾ’ എന്ന പുസ്തകം നൗഷാദ് കോർമത്ത് അവതരിപ്പിച്ചു. ഗൾഫ് പ്രവാസത്തെ അടിസ്ഥാനമാക്കി രചിച്ച നോവൽ ലോക ഡയസ്പോറ സാഹിത്യത്തിൽ ഗൾഫ് വാസത്തെ, പ്രത്യേകിച്ച് ഗൾഫ് മലയാളിയുടെ ജീവിതത്തെ അടയാളപ്പെടുത്തടുന്ന കൃതിയാണെന്ന് നൗഷാദ് അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് എഴുത്തുകാരൻ ആന്ദ്രേ ബ്രെട്ടെൻറ ആദ്യ സർറിയലിസ്റ്റ് നോവലായ നദ്‌ജയുടെ വായനാനുഭവം ആർ. മുരളീധരൻ നടത്തി. തുടർന്ന് നടന്ന സർഗസംവാദത്തിൽ എം. ഫൈസൽ, റഫീഖ് പന്നിയങ്കര, ജയചന്ദ്രൻ നെരുവമ്പ്രം, റസൂൽ സലാം, ടി.ആർ സുബ്രഹ്മണ്യം, അനിത നസിം, സുനിൽ കുമാർ ഏലംകുളം, നജ്മ നൗഷാദ്, അബ്ദുല്ലത്തീഫ് മുേണ്ടരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.