ജുബൈൽ: പ്രവാസ ലോകത്തെ പ്രിയ കഥാകാരി ആൻസി മോഹെൻറ പുതിയ കഥാസമാഹാരത്തിന് മികച്ച സ്വീകാര്യത. 22 കഥകൾ ഉൾക്കൊള്ളിച്ച് കറൻറ് ബുക്സ് പുറത്തിറക്കിയ 'ഷാംപെയ്ൻ' എന്ന കഥാ സമാഹാരമാണ് നാട്ടിലും പ്രവാസികൾക്കിടയിലും ശ്രദ്ധേയമാകുന്നത്. ജീവിത വിജയങ്ങൾക്ക് ഷാംപെയ്ൻ കുമിളകളുടെ ആയുസ്സ് മാത്രമാണെന്നും സ്നേഹവും കാരുണ്യവും സഹാനുഭൂതിയുമാണ് മനുഷ്യജീവിതത്തിൽ എക്കാലവും ബാക്കിയുണ്ടാവുകയെന്നുമാണ് കഥാകാരി പറഞ്ഞുവെക്കുന്നത്.
ലോകം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എഴുതിയ 'അനന്തതയുടെ കാവൽക്കാർ' എന്ന ചെറുകഥ ഇതിൽ വേറിട്ടുനിൽക്കുന്നു. ഫാദർ തിയോഡർ ഷോവാൾസ്കിയും ഗെർഷ എന്ന നായയും, രോഗികൾക്ക് വേണ്ടി ജീവിച്ചു മരിച്ച സൂറയും നൊമ്പരക്കാഴ്ചകളായി. 'ടെസ്റ്റ് ട്യൂബ്', 'ഒടുങ്ങാത്ത പാളങ്ങൾ', 'പകൽ വീട്' എന്നിവ നാടിെൻറ നന്മയും ദുഃഖവും ഉള്ളിൽപേറുന്ന കൃതികളാണ്. ലൈസാമ്മ, ദേവി, ദിയ, ആർച്ച തുടങ്ങിയ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം സമാഹാരത്തിെൻറ ചൈതന്യമായി നിലകൊള്ളുന്നു. അകാലത്തിൽ മരിച്ചുപോയ കുഞ്ഞിെൻറ കുഴിമാടം തേടി അലയുന്ന കെ.കെ. എന്ന കഥാപാത്രം പ്രവാസി വായനക്കാരെൻറ ഉള്ളുലയ്ക്കും. മത്സരങ്ങൾക്ക് ശേഷമുള്ള വിജയാഘോഷങ്ങളിൽ നുരയായി പെയ്തിറങ്ങുന്ന ഷാംപെയ്ൻ വിജയികൾക്ക് ഉന്മാദവും പരാജിതർക്ക് ദുഃഖവും നൽകുന്നു. ലഹരി ഒടുങ്ങുമ്പോൾ ഇരുകൂട്ടരും അനുഭവിക്കുന്ന ശൂന്യതയാണ് ജീവിതത്തിെൻറ യഥാർഥ മർമം എന്ന് കഥാകാരി നമ്മോടു പറയുന്നു. ശക്തമായ ഭാഷയും കഥാതന്തുവും ഗതിവിഗതികളും ഓരോ കഥകളെയും വേറിട്ട് നിർത്തുന്നു.
അതിലാളിത്യത്തിനും സങ്കീർണമായ പദഘടനക്കുമിടയിൽ മധ്യമ ഭാഷാ പ്രയോഗങ്ങളിലൂടെ അനുവാചകരെ ആകർഷിപ്പിക്കുന്ന കഥാപ്രപഞ്ചം സൃഷ്ടിക്കാനും ആദ്യന്തം അത് നിലനിർത്താനും കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ കഥാകൃത്ത് ബെന്യാമിനാണ് അവതാരിക എഴുതിയിരിക്കുന്നത്. കൊല്ലം ടി.കെ.എം കോളജിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിസ് ബിരുദമുള്ള കായംകുളം സ്വദേശിയായ ആൻസി മോഹൻ വർഷങ്ങളായി ജുബൈലിലെ സാഹിത്യ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. എഴുത്തും വായനയും കൂടാതെ മികച്ച അവതാരക കൂടിയാണ് ആൻസി. 'പെൺതൂവലുകൾ' എന്ന നോവൽ നേരത്തെ പ്രകാശനം ചെയ്തിട്ടുണ്ട്. നിരവധി ആനുകാലികങ്ങളിൽ ചെറുകഥകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഭർത്താവ് സാർടോപ്പിൽ എൻജിനീയർ ജോജു ജോൺ മാത്യു. മക്കൾ: റെന, റിയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.