നാല് പതിറ്റാണ്ടിന്‍റെ നിറവിൽ പ്രവാസം: സാംസ്‌കാരിക പ്രവർത്തകൻ വി.കെ. അബ്ദുൽ റഊഫ് മടങ്ങുന്നു

ജിദ്ദ: ജിദ്ദയുടെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായി നിറഞ്ഞുനിൽക്കുകയും നവോദയ എന്ന സംഘടനയുടെ സ്ഥാപക നേതാവുമായ വി.കെ അബ്ദുൽ റഊഫ് പ്രവാസത്തോട് വിടപറയുന്നു. 39 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വിശ്രമമേതുമില്ലാതെ തന്‍റെ ഇടതുപക്ഷാനുകൂല സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി ഓടിനടക്കുകയായിരുന്നു വി.കെ അബ്ദുൽ റഊഫ്. പിതാവിന് ജോലി ബോംബെയിൽ ആയിരുന്നതിനാൽ ഇദ്ദേഹം ജനിച്ചതും വളർന്നതുമെല്ലാം അവിടെ ആയിരുന്നു.പിന്നീട് തന്റെ ഏഴാം വയസിലാണ് സ്വദേശമായ മലപ്പുറം ജില്ലയിലെ മേലാറ്റൂരിലെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നിന്നും ബി.കോം ഡിഗ്രി പൂർത്തിയാക്കി വീണ്ടും ബോംബെയിലേക്ക് തന്നെ മടങ്ങി. ബോംബെ യൂനിവേഴ്‌സിറ്റിയിൽ നിന്നും എം.കോമും മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ട്സ് (ഐ.സി.ഡബ്ലിയു,എ) കോഴ്സും പൂർത്തിയാക്കി 1982 ലാണ് ആദ്യമായി ജിദ്ദയിൽ വിമാനമിറങ്ങിയത്.

ആദ്യ ഒരു വർഷം റിയാദിൽ അറേബ്യൻ ഓട്ടോ ഏജൻസി സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിട്ടായിരുന്നു തുടക്കം. ശേഷം ജിദ്ദയിൽ സൗദി അരാംകോക്ക് കീഴിലുള്ള ലുബെർഫ് എന്ന കമ്പനിയിൽ കോസ്റ്റ് അക്കൗണ്ടന്റ് ആയി 15 വർഷം ജോലിചെയ്തു. പിന്നീട് നിലവിൽ ജോലി ചെയ്യുന്ന അൽ കമാൽ ഇമ്പോർട്ട് കമ്പനിയുടെ സഹോദര സ്ഥാപനമായ ബീം ടെക്നോളജിയിൽ സോഫ്റ്റ്‌വെയർ കൺസൺട്ടന്റായി നാല് വർഷവും ശേഷം അൽ കമാൽ ഇമ്പോർട്ട് കമ്പനി ഹെഡ് ഓഫീസിൽ 18 വർഷവും ജോലി ചെയ്തു. അൽ കമാൽ കമ്പനിയിൽ അക്കൗണ്ടന്റായി തുടങ്ങിയ ജോലിയിൽ നിന്നും ഫിനാൻസ് മാനേജറായാണ് ഇപ്പോൾ വിരമിക്കുന്നത്. നാട്ടിൽ മണ്ണാർക്കാട് കോളേജിൽ പഠിക്കുന്നത് മുതൽ എസ്.എഫ്.ഐ സജീവ പ്രവർത്തകനായിരുന്ന വി.കെ. അബ്ദുൽ റഊഫ് പാലക്കാട് ജില്ല കമ്മിറ്റി അംഗമായിരുന്നു.


ജിദ്ദയിലെത്തിയിട്ടും തന്റെ ഇടത്പക്ഷ സംഘടനാ പ്രവർത്തനം സജീവമായി തുടർന്നു. 1986 മുതൽ സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ടെങ്കിലും രണ്ട് വർഷം കഴിഞ്ഞു നവോദയ ഔദ്യോഗികമായി നിലവിൽ വന്നപ്പോൾ ഷറഫിയ കമ്മിറ്റി അംഗമായി തുടങ്ങി 1996 ൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും 1998 ൽ പ്രസിഡന്‍റും 2008 മുതൽ ഇന്നുവരെ സംഘടനയുടെ രക്ഷാധികാരിയുമാണ്. നവോദയ രൂപീകരണ സമയത്ത് ഒരു കമ്മിറ്റിക്ക് കീഴിൽ 2000 അംഗങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നത്. ഇന്ന് സംഘടനക്ക് 15,000 ത്തോളം സജീവ അംഗങ്ങളും മക്ക, മദീന, യാംബു ഉൾപ്പെടെ 12 ഓളം ഏരിയ കമ്മിറ്റികളും നിലവിലുണ്ട്. നവോദയയുടെ ഈ വളർച്ചയിൽ വി.കെ. അബ്ദുൽ റഊഫിന്റെ പങ്ക് ചെറുതല്ല. സി.പി.എം നേതാക്കളായ പിണറായി വിജയൻ, പാലോളി മുഹമ്മദ് കുട്ടി, ടി.കെ ഹംസ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, എ. വിജയരാഘവൻ, പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ജിദ്ദയിൽ സന്ദർശനം നടത്തിയപ്പോൾ അവരെ സ്വീകരിക്കാൻ അവസരം ലഭിച്ചത് ഏറെ സന്തോഷം നൽകുന്നതായി വി.കെ അബ്ദുൽ റഊഫ് എടുത്തുപറയുന്നു. നവോദയയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഇദ്ദേഹത്തിന്റെ സംഘടനാ പാടവം.

കറകളഞ്ഞ ഇടതുപക്ഷ പ്രവർത്തനകനാണെങ്കിലും ജിദ്ദയിലെ മറ്റു രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളോടെല്ലാം വളരെ നല്ല അടുപ്പവും ബന്ധവും കാത്തുസൂക്ഷിക്കാൻ ഇദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. തികഞ്ഞ ഫുട്ബാൾ പ്രേമിയായിരുന്ന വി.കെ.അബ്ദുൽ റഊഫ് ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ നീണ്ടകാലം ട്രഷററും നിലവിൽ ഉപദേശക സമിതി അംഗവുമാണ്. അസോസിയേഷൻ സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ മത്സരത്തിൽ ഇദ്ദേഹം ബൂട്ടണിഞ്ഞിട്ടുമുണ്ടായിരുന്നു. ജിദ്ദ കേരളൈറ്റ്‌സ് ഫോറം ജനറൽ സെക്രട്ടറി, ഇന്ത്യൻ കോണ്സുലേറ്റിന് കീഴിലുള്ള ഇന്ത്യൻ പിൽഗ്രിംസ് വെൽഫയർ ഫോറം അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പ്രവാസ ജീവിതം തുടങ്ങിയ കാലം മുതൽ തന്നെ തന്റെ കുടുംബവും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഭാര്യ ഹഫ്സ നവോദയ കുടുംബവേദി അംഗമാണ്. സബാഹ്, ഷഹീബ, ഷഹാന എന്നിവർ മക്കളാണ്. ജിദ്ദയിൽ ഭർത്താവുമൊന്നിച്ചു കഴിയുന്ന മൂത്തമകൾ ഷഹീബ പിതാവിന്റെ വഴിയിൽ ഇടത് സംഘടനാ രംഗത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം സജീവമാണ്. ഷഹാന ഭർത്താവുമൊന്നിച്ച് ജുബൈലിലാണ്. മകൻ സബാഹിന് നാട്ടിൽ ബിസിനസാണ്. നാട്ടിലെത്തിയാലും തന്റെ പാർട്ടി പ്രവർത്തനം തുടരാൻ തന്നെയാണ് അബ്ദുൽ റഊഫിന്റെ തീരുമാനം. സ്വന്തം നാടായ മേലാറ്റൂർ കേന്ദ്രീകരിച്ച് സജീവമായി സിപിഎമ്മിന് വേണ്ടി പ്രവർത്തന രംഗത്തുണ്ടാവുമെന്ന് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മാർച്ച് അഞ്ചിന് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും. സൗദിയിലുടനീളം വലിയൊരു സുഹൃദ് വലയമുള്ള വി.കെ അബ്ദുൽ റഊഫിനെ 0506670866 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.