റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരിൽ 356 പേർ കൂടി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി. രാവിലെ 10ന് റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് ഇവർ പുറപ്പെട്ടത്. റിയാദ് ഇസ്കാനിലെ തർഹീലിൽ നിന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസഫ് കാക്കഞ്ചേരി, റനീഫ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ എയർപോർട്ടിൽ എത്തിച്ച് യാത്രയാക്കുകയായിരുന്നു.
എല്ലാവർക്കും എംബസിയുടെ വക ടീഷർട്ടുകൾ നൽകി. മഞ്ഞ നിറത്തിലുള്ള അത് ധരിച്ചാണ് എല്ലാവരും യാത്ര ചെയ്തത്. ഇതിൽ 14 പേർ മലയാളികളാണ്. ബാക്കിയുള്ളവർ ഉത്തർപ്രദേശ് (200), പശ്ചിമ ബംഗാൾ (47), ബിഹാർ (32), രാജസ്ഥാൻ (20), പഞ്ചാബ് (17), തമിഴ്നാട്, തെലങ്കാന, ത്രിപുര (11 വീതം), ഹിമാചൽ പ്രദേശ്, ജമ്മു, ജാർക്കണ്ഡ് (ഒമ്പത് വീതം), ആന്ധ്ര, ഗോവ, ഗുജറാത്ത്, ഹരിയാന (എട്ട് വീതം), അസം (ഏഴ്), കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് (അഞ്ച്) എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതോടെ കോവിഡ് വ്യാപനമുണ്ടായ ശേഷം അഞ്ചുമാസത്തിനിടെ നാട്ടിലേക്ക് മടങ്ങിയ മൊത്തം ഇന്ത്യൻ തടവുകാരുടെ എണ്ണം 2301 ആയി.
ഇൗ മാസം 14നാണ് ഇതിന് മുമ്പ് തടവുകാരുടെ യാത്രയുണ്ടായത്. അന്ന് 362 പേരാണ് ഡൽഹിയിലേക്ക് പോയത്. റിയാദിൽ നിന്ന് 211ഉം ജിദ്ദയിൽ നിന്ന് 151ഉം പേരാണ് അതിലുൾപ്പെട്ടത്. ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവിസ് നിർത്തിവെച്ച സാഹചര്യത്തിൽ തടവുകാരുടെ തിരിച്ചയക്കൽ തടസപ്പെട്ടിരുന്നു. ഇതോടെ റിയാദിലും ജിദ്ദയിലും തർഹീലുകളിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം പെരുകി. തുടർന്ന് ഇന്ത്യൻ എംബസി സൗദി കാര്യാലയങ്ങളുമായി ഇടപെട്ട് മെയ് മാസത്തിൽ 421 പേരെ റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് കയറ്റി അയച്ചു. അതിന് ശേഷം നീണ്ട ഇടവേളയുണ്ടായി. സെപ്തംബർ 23നാണ് വീണ്ടും കയറ്റി അയക്കൽ നടപടി തുടങ്ങിയത്. അന്ന് റിയാദിൽ നിന്ന് 231 പേർ ചെന്നൈയിലേക്കും 27ന് ജിദ്ദയിലെ തർഹീലിൽ നിന്ന് 351 പേർ ഡൽഹിയിലേക്കും പോയി. ഒക്ടോബർ ആറിന് 580 പേരെ റിയാദിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഡൽഹിയിലേക്കും ലക്നൗവിലേക്കും കയറ്റിവിട്ടിരുന്നു. ഒക്ടോബർ 14ന് 362ഉം ഇപ്പോൾ 356ഉം പേർ കൂടി പോയതോടെയാണ് സൗദി തർഹീലുകളിലുള്ള ഇന്ത്യാക്കാരുടെ എണ്ണം നന്നേ ചുരുങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.