പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു

‘ബാബരിക്ക് പിന്നാലെ ഷാഹി മസ്‌ജിദും’ സെമിനാർ സംഘടിപ്പിച്ച്​ പ്രവാസി വെൽഫെയർ

അൽ ഖോബാർ: ‘ബാബരിക്ക് പിന്നാലെ ഷാഹി മസ്‌ജിദും’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. പ്രൊവിൻസ് പ്രസിഡൻറ്​ ഷബീർ ചാത്തമംഗലം മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രഥമദൃഷ്​ട്യാ തള്ളിക്കളയേണ്ട ഹരജികൾ സ്വീകരിച്ചു നടപടി ശിപാർശ ചെയ്യുന്ന നീതിപീഠങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാഹി മസ്‌ജിദ്‌ മുമ്പ് ഹരിഹര ക്ഷേത്രമായിരുന്നു എന്നാണ് ഹരജിക്കാരുടെ വാദം. ഹരജി സമർപ്പിച്ചു കേവലം മൂന്ന് മണിക്കൂർ കൊണ്ട് തന്നെ കോടതി സർവേ നടത്താൻ അനുമതി നൽകി. പരാതി ഫയൽ ചെയ്ത അന്ന് തന്നെ സർവെക്ക് കോടതി അനുമതി നൽകുന്നു.

അന്ന് വൈകീട്ട് തന്നെ സർവേ ആരംഭിക്കുകയും ചെയ്യുന്നു. എതിർകക്ഷികളുടെ വാദം പോലും കേൾക്കാതെ ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നത് എന്ത് നിയമവാഴ്ചയാണെന്ന് അദ്ദേഹം ചോദിച്ചു. ഡിസംബർ ആറിന് വെൽഫെയർ പാർട്ടി നാട്ടിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സംഗമങ്ങളോട് സെമിനാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. അധികാരവും സമ്പത്തും എല്ലാം കൈപ്പിടിയിലൊതുക്കി മുന്നേറുന്ന ഫാഷിസ്​റ്റ്​ ശക്തികളുടെ വിഭജന രാഷ്​ട്രീയത്തിനെതിരെ ഊർജസ്വലതയോടെ ഓരോ പൗരനും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


നമ്മുടെ ഓർമകളെ ഇല്ലാതാക്കുക എന്നതാണ് എല്ലാ കാലത്തും മർദക ഭരണകൂടങ്ങളുടെ രീതിയെന്നും അംബേദ്‌കറുടെ ഓർമ ദിവസമായ ഡിസംബർ ആറിന് തന്നെ ബാബരി മസ്‌ജിദ്‌ തകർത്തത് യാദൃശ്ചികമല്ലെന്ന് നാം ഓർക്കണമെന്ന് ആശംസ അർപ്പിച്ചുകൊണ്ട് ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ്​ അബ്‌ദുറഹീം തിരൂർക്കാട് പറഞ്ഞു. പ്രൊവിൻസ് വൈസ് പ്രസിഡൻറുമാരായ സിറാജ് തലശ്ശേരി, റഊഫ് ചാവക്കാട് എന്നിവർ സംസാരിച്ചു. ഷജീർ തൂണേരി സ്വാഗതവും ഖലീലുറഹ്‌മാൻ അന്നടക്ക നന്ദിയും പറഞ്ഞു.

Tags:    
News Summary - Expatriate Welfare Al Khobar Regional Committee Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.