ഹൈദരലി തങ്ങളുടെ വിയോഗത്തിൽ റിയാദിൽ നിന്ന്​ അനുശോചന പ്രവാഹം

റിയാദ്​: മതേതര കേരളത്തിന് വലിയ നഷ്ടമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗമെന്ന് എ.ബി.സി കാർഗോ മാനേജിങ് ഡയറക്​ടർ ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. മതരാഷ്ട്രീയ രംഗത്ത് നേതൃരംഗത്തിരിക്കുമ്പോഴും ജാതിമതഭേദമന്യേ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന സൗമ്യമുഖം. ആർക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതിലായിരുന്നു തങ്ങൾ. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള സാമൂഹിക ഇടപെടലുകൾക്ക് മാതൃകായിരുന്നു ഹൈദരലി തങ്ങളെന്നും ഡോ. ശരീഫ് അബ്​ദുൽ ഖാദർ അനുസ്മരിച്ചു.

നഷ്ടമായത് സമൂഹത്തിന്‍റെ മതേതര കാവലാളെ -സമസ്ത ഇസ്‌ലാമിക് സെന്‍റർ

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്‍റും കേരള മുസ്​ലിം സമൂഹത്തിന്‍റെ അഭിവന്ദ്യ നായകനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ നഷ്ടമായത് സമൂഹത്തിന്‍റെ മതേതര കാവലാളെയാണെന്നും വർത്തമാന കൈരളിക്കും മതേതര ഇന്ത്യക്കും കനത്ത നഷ്ടമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്‍റർ സൗദി നാഷനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എക്കാലവും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മുന്നിട്ടുനിന്ന നേതാവായിരുന്നു തങ്ങൾ. മതസൗഹാർദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. സൗമ്യഭാവത്തോടെ സമുദായത്തിന്‍റെ പുരോഗതിക്ക് വേണ്ടിയും സജീവമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു തങ്ങൾ. മതേതര മൂല്യത്തിന്‍റെ പ്രതീകമാണ് പാണക്കാട് ഹൈദരലി തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരോട് എന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. കേരളത്തിലും പുറത്തും വ്യാപിച്ചു കിടക്കുന്ന സമസ്തയുടെ കീഴിലുള്ള മഹല്ലുകളുടെയും അനാഥ അഗതി മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും തിളങ്ങിയ തങ്ങളുടെ വിയോഗം തീർത്താൽ തീരാത്ത വിടവായിരിക്കും സൃഷ്ടിക്കുക.

പട്ടിക്കാട് നിന്നുള്ള ഫൈസീ ബിരുദവും ആത്മീയ ജ്യോതിസുകളായ ഉസ്താദുമാരുടെ ശിക്ഷണവും ആത്മീയമായി സമുദായത്തെ മുന്നിൽ നിന്ന് നയിക്കാൻ തങ്ങളെ പ്രാപ്തനാക്കിയിരുന്നു. ഇന്ന് പതിനായിങ്ങൾക്ക് അത്താണിയായി മാറിയ മജ്‌ലിസുന്നൂർ തങ്ങളിൽ നിന്നുള്ള അമൂല്യമായ കൈമാറ്റമായിരുന്നു. തങ്ങളുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പ്രാർഥനാ സദസുകൾ സംഘടിപ്പിക്കാനും സമസ്ത ഇസ്‌ലാമിക് സെന്‍റർ സൗദി ദേശീയ നേതൃത്വം ആഹ്വാനം ചെയ്തു. ഖതമുൽ ഖുർആൻ സദസുകളും അനുസ്മരണ സദസുകളും പ്രവിശ്യ, സെൻട്രൽ, യൂനിറ്റ് തലങ്ങളിൽ നടക്കുമെന്നും ദേശീയ പ്രസിഡന്‍റ്​ ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശേരി എന്നിവർ അറിയിച്ചു.

റിയാദ് ഒ.ഐ.സി.സി ദുഃഖം രേഖപ്പെടുത്തി

റിയാദ്​: സംസ്‌ഥാന മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. തികഞ്ഞ മതേതര വാദിയും ജനാധിപത്യ വിശ്വാസിയുമായിരുന്നു തങ്ങൾ. സ്വന്തം മതവിശ്വാസം നിലനിർത്തികൊണ്ട് തന്നെ ഇതര മതസ്ഥരെ ബഹുമാനിക്കാനും അവരുടെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം മതേതര കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ വേർപാടിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഗാധമായ ദുഃഖം രേഖപെടുത്തുകയാണെന്ന്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നവോദയ അനുശോചിച്ചു

റിയാദ്​: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്തയുടെ ഉപാധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ റിയാദ് നവോദയ സാംസ്കാരിക വേദി അനുശോചിച്ചു. കുടുംബാംഗങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു. പരസ്പരം വെല്ലുവിളികളും പരിഹാസങ്ങളും അക്രമങ്ങളും നിറഞ്ഞ രാഷ്ട്രീയത്തിൽ സൗമ്യമുഖവുമായി സൗഹാർദത്തിന്‍റെ, അനുരഞ്ജനത്തിന്‍റെ ശൈലി സ്വീകരിച്ചിരുന്ന മാതൃകാ നേതാവായിരുന്നു ഹൈദരലി തങ്ങൾ. കേരള രാഷ്ട്രീയത്തിന് പൊതുവിലും മതേതര കേരളത്തിന് പ്രത്യകിച്ചും അദ്ദേഹത്തിന്‍റെ വിയോഗം വലിയ നഷ്ടമാണ്.

സൈനയും അനുശോചിച്ചു

റിയാദ്: കേരള രാഷ്ട്രീയത്തിൽ എന്നും നിറഞ്ഞു നിന്ന സൗമ്യനായ ഒരു നേതാവായിരുന്നു അന്തരിച്ച പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ എന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സൈന) അനുശോചനകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Expatriates from Riyadh pours condolences to Hyder Ali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.