ജിദ്ദ: രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളും അവരുടെ കൂട്ടായ്മകളും അനീതിക്കെതിരെ സമ്മർദ ശക്തിയായി മാറണമെന്ന് വിവാദമായ പാനായിക്കുളം സിമി കേസില്‍ അന്യായമായി പ്രതിചേര്ക്കപ്പട്ടിരുന്ന ഈരാറ്റുപേട്ട സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ റാസിഖ് റഹീം. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയിൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയിരുന്നു.
അബ്ദുനാസിര്‍ മഅ്ദനി, പരപ്പനങ്ങാടിയിലെ സകരിയ്യ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും ദലിതരും പിന്നാക്ക വിഭാഗക്കാരും രാജ്യത്ത് നിരന്തരം അനീതിക്ക് ഇരയാവുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതയുണ്ടോ എന്ന അന്വേഷണത്തിന് പകരം ന്യൂനപക്ഷവിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. രാജ്യത്ത് നടക്കുന്ന മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് അപമാനമാണെന്ന് പ്രവാസി സമൂഹം ഭരണകൂടത്തെ ബോധ്യപ്പടുത്തേണ്ടതുണ്ട്.
2006ല്‍ സ്വാതന്ത്ര്യദിന സെമിനാര്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കെയാന് ഞങ്ങള്‍ അഞ്ചു പേരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്.
പ്രാദേശിക കൂട്ടായ്മ സംഘടിപ്പിച്ചതായിരുന്നു സെമിനാര്‍. രണ്ടര മാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും 2008ല്‍ വീണ്ടും അന്വേഷണമുണ്ടായി. 2010ല്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും 2014ല്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. 2015ല്‍ എന്‍.ഐ.എ കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും 14 വര്‍ഷത്തോളം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഈ ശിക്ഷയാണ് കേരള ഹൈകോടതി മൂന്നര വര്‍ഷത്തിന് ശേഷം റദ്ദാക്കുകയും തങ്ങളെ വെറുതെ വിടുകയും ചെയ്തതെന്ന് റാസിഖ് റഹീം പറഞ്ഞു.
വിധിക്കെതിരെ എന്‍.ഐ.എ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും തെറ്റായ കാരണത്താലാണ് ഇവരെ ശിക്ഷിച്ചതെന്ന് പരമോന്നത നീതിപീഠവും കണ്ടെത്തിയത് വലിയ ആശ്വാസമായി. ജീവകാരുണ്യ, സാമൂഹിക മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്കുന്ന പ്രവാസി സമൂഹവും അവരുടെ കൂട്ടായ്മകളും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് നീതി നിഷേധിക്കപ്പടുന്ന ന്യൂനപക്ഷ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തോടൊപ്പം നിലകൊള്ളണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.