റിയാദ്: ജീവകാരുണ്യ, സേവനരംഗങ്ങളിൽ തുല്യതയില്ലാത്ത സേവനം നടത്തുന്ന കെ.എം.സി.സി പ്രവർത്തകർ പ്രവാസം അവസാനിപ്പിച്ചാലും തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിനുവേണ്ട സ്ഥിരം വരുമാനം ലഭിക്കുന്ന പദ്ധതികൾ ആരംഭിക്കണമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ടേബിൾ ടോക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
പ്രവാസികൾ നാട്ടിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് സർക്കാറിൽനിന്ന് ആവശ്യമായ നിയമസഹായങ്ങൾ ലഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സിയുടെ കുടുംബസുരക്ഷ പദ്ധതികൾ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾ അനുഭവിക്കുന്ന പൊതുപ്രശ്നങ്ങളും കോട്ടക്കൽ മണ്ഡലത്തിലെ വിവിധ വികസനപ്രശ്നങ്ങളും കെ.എം.സി.സി ഭാരവാഹികൾ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി. കോട്ടക്കൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എം.എൽ.എ വിശദീകരിച്ചു. മണ്ഡലത്തിന്റെ സമഗ്രവികസനമാണ് തന്റെ ലക്ഷ്യമെന്നും എന്നാൽ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വലിയ തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന മണ്ഡലം കെ.എം.സി.സിയെ അദ്ദേഹം അഭിനന്ദിച്ചു.
ബത്ഹയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് മൊയ്തീൻകുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൊയ്തീൻകുട്ടി പൂവ്വാട്, ശുഐബ് മന്നാനി കാർത്തല, ഇസ്മാഈൽ കാമ്പ്രത്ത്, ഫർഹാൻ കാടാമ്പുഴ, ഹാഷിം മൂടാൽ, അബൂബക്കർ സി.കെ പാറ, മുഹമ്മദ് കല്ലിങ്ങൽ, നിസാർ പാറശ്ശേരി, ഫൈസൽ തിണ്ടലം, മജീദ് ബാവ പാലാ, മൊയ്തു, റഷീദ് അത്തിപ്പറ്റ, ഹുസൈൻ പാലാ, ദിലൈബ് ചാപ്പനങ്ങാടി, അബ്ദുൽ ഗഫൂർ കോൽക്കളം തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.