റിയാദ്: ആയിരക്കണക്കിന് യാത്രക്കാരെ രണ്ടു ദിവസം പെരുവഴിയിലാക്കിയ എയർ ഇന്ത്യ ജീനക്കാർ നടത്തിയ ‘രോഗ അവധി നാടകത്തിന്’ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും, ജീവനക്കാരും ഉത്തരവാദികളാണെന്ന് സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വിസ കാലാവധി തീരുന്ന യാത്രക്കാരും, ഹജ്ജ് യാത്രക്കാരും, മെഡിക്കൽ സഹായത്തിന് വിദേശത്ത് വരുന്ന കുടുംബങ്ങൾ ഉൾപ്പെടെ യാത്ര മുടങ്ങിയവരിലുണ്ട്. എയർ ഇന്ത്യ കമ്പനിയുടെ ആഭ്യന്തര പ്രശ്നത്തിന്റെ ഭവിഷ്യത്തിന് യാത്രക്കാർ നഷ്ടം സഹിക്കേണ്ടതില്ല. യാത്ര മുടങ്ങിയ പ്രവാസികൾക്ക് തക്കതായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ തയാറാവണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്കും, പ്രവാസികാര്യ വകുപ്പിനും സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി ഇ-മെയിൽ അയച്ചു. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും, ജീവനക്കാരും തമ്മിലുള്ള തർക്കത്തിന് ചീഫ് ലേബര്‍ കമീഷണർ അടിയന്തരമായി ഇടപെട്ടിട്ടും, പ്രശ്നപരിഹാരം ഉണ്ടായില്ല എന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് സൗദി ഐ.എം.സി.സി പ്രസിഡന്റ് യൂനുസ് മൂന്നിയൂർ അൽ ഖുറയാത്ത്, ജനറൽ സെക്രട്ടറി ഒ.സി. നവാഫ് ദമ്മാം, എൻ.കെ. ബഷീർ ബുറൈദ, ഓർഗനൈസിങ് സെക്രട്ടറി മൻസൂർ വണ്ടൂർ ജിദ്ദ എന്നിവര്‍ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.