റിയാദ്: സൗദിയിൽ പൈതൃക സാംസ്കാരിക ആസ്തികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. റിയാദിൽ നടന്ന കൾച്ചറൽ ഇൻഷുറൻസ് സമ്മേളനത്തിൽ സാംസ്കാരിക മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും പോളിസി രേഖകളിൽ ഒപ്പിട്ടു. സാംസ്കാരിക രംഗത്ത് സുസ്ഥിരത കൈവരിക്കുന്നതിനും തുടർച്ച നിലനിർത്തുന്നതിനും വേണ്ടിയാണിത്.
പൈതൃക കെട്ടിടങ്ങൾക്കുള്ള ഇൻഷുറൻസും തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസും പോളിസിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സാംസ്കാരിക മന്ത്രാലയം വിശദീകരിച്ചു.
അപകടങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളും ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും അറ്റകുറ്റപ്പണി ചെലവുകളുമാണ് പരിരക്ഷയുടെ പരിധിയിൽപ്പെടുക. ആസ്തികളുടെയും പുരാവസ്തു കേന്ദ്രങ്ങളുടെയും സുസ്ഥിരത കൈവരിക്കുകയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇൻഷുറൻസ് അതോറിറ്റിയുടെ സഹകരണത്തോടെ റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിലാണ് സാംസ്കാരിക മന്ത്രാലയം കൾച്ചറൽ ഇൻഷുറൻസ് സമ്മേളനം സംഘടിപ്പിച്ചത്. സാംസ്കാരിക ഇൻഷുറൻസ് ഉൽപ്പന്നത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ഉദ്യോഗസ്ഥരും സി.ഇ.ഒമാരും സാംസ്കാരിക, ഇൻഷുറൻസ് മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
സാംസ്കാരിക മേഖലയെ പിന്തുണക്കുന്നതിനും നേട്ടങ്ങൾ കൈവരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന പരിഹാരങ്ങളിലൊന്നാണ് സാംസ്കാരിക ഇൻഷുറൻസ് എന്ന് സാംസ്കാരിക മന്ത്രാലയ റിസ്ക് ആൻഡ് കംപ്ലയൻസ് ജനറൽ ഡയറക്ടർ എൻജി. മുസ്തഫ യാൻബാവി പറഞ്ഞു. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാന്റെ മാർഗനിർദേശത്തിനും തുടർനടപടികൾക്കും കീഴിലാണ് മന്ത്രാലയം ഈ പദ്ധതി ആരംഭിച്ചത്.
അപകടങ്ങളെ തുടർന്ന് സാംസ്കാരിക ആസ്തികൾക്ക് ഭൗതിക നാശത്തിൽനിന്ന് സംരക്ഷണം നൽകുന്നതാണ് പൈതൃക കെട്ടിട ഇൻഷുറൻസെന്ന് അദ്ദേഹം വിശദീകരിച്ചു. പുനരുദ്ധാരണ ആവശ്യകതകൾ പാലിച്ചുകൊണ്ട്, പ്രവർത്തനപരവും നിർമാണപരവുമായ അപകടസാധ്യതകളും പ്രകൃതിദുരന്തങ്ങളും കവർ ചെയ്യുന്നതിലൂടെയാണിത്.
സാംസ്കാരിക മേഖലയെ നേരിട്ട് സേവിക്കുന്ന ഇൻഷുറൻസ് ഉൽപന്നങ്ങളാണ് സൗദി ഇൻഷുറൻസ് വിപണി നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഇൻഷുറൻസ് മേഖലയുമായി ചേർന്ന് ഈ ഉൽപന്നങ്ങൾ തുടർച്ചയായി വികസിപ്പിക്കാനുള്ള ആഗ്രഹം റിസ്ക് ആൻഡ് കംപ്ലയൻസ് ജനറൽ ഡയറക്ടർ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.