ജിദ്ദ: കോവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ പ്രവാസികളാണ് കോവിഡ് പരത്തുന്നതെന്ന ഭീതിയുണ്ടാക്കി സ്വന്തം വീട്ടിൽ നിന്ന് പോലും പ്രവാസികളെ ആട്ടിയോടിക്കാൻ സമൂഹത്തിന് പ്രചോദനമാകും വിധം വിജ്ഞാപനങ്ങൾ ഇറക്കി പ്രവാസികളെ പ്രഹരമേൽപിച്ച സർക്കാർ ഇപ്പോൾ വകഭേദം വന്ന വൈറസിന്‍റെ പേരിൽ വീണ്ടും പ്രവാസികളെ പീഡിപ്പിക്കുകയാണെന്ന് കെ.എം.സി.സി ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടയിൽ കോവിഡ് പരിശോധന നടത്തി ഫലം എയർ സുവിദ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് പുതിയ കേന്ദ്ര നിയമം. അതു കൊണ്ടും തീരാതെ വിമാനം സ്വന്തം നാട്ടിലിറങ്ങിയാൽ ആ വിമാനത്താവളത്തിൽ വെച്ച് വീണ്ടും പണമടച്ച് കോവിഡ് പരിശോധന നടത്തണമെന്ന്. ഇത് പ്രവാസികളോടുളള പ്രതികാര നടപടിയായി മത്രമേ കാണാൻ കഴിയൂ.
വിദേശത്തു നിന്ന് 5000 ത്തിലധികം രൂപ ചിലവ് വരുന്ന പരിശോധന നടത്തി നാട്ടിലെത്തി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വീണ്ടും പണം നൽകി പരിശോധന നടത്താൻ എന്ത് പാപമാണ് പ്രവാസികൾ സർക്കാരിനോട് ചെയ്‌തത്. മഹാമാരിയുടെ കെടുതികളിൽ അകപെട്ട് ജോലി നഷ്ടപെട്ടവരും മാസങ്ങളായി ശമ്പളം കിട്ടാത്തവരുമായ പാവപെട്ട പ്രവാസികൾ ടിക്കറ്റിന് പോലും പണം കടം വാങ്ങി അഭയാർത്ഥികളെ പോലെ നാടണയുമ്പോൾ ഇത്തരം പരിശോധനകളുടെ പേരിൽ പിടിച്ചു പറി വെച്ച് പൊറുപ്പിക്കാനാവില്ല.
സർക്കാരിന്‍റെ പുതിയ വിജ്ഞാപനം മൂലം കൊച്ചു കുട്ടികൾ പോലും പ്രയാസത്തിലാവുകയാണ്. ഒന്നര വർഷമായി ലക്ഷക്കണക്കിന് പ്രവാസികൾ സൗദിയിൽ നിന്ന് അവധിയിൽ പോയി നാട്ടിൽ കുടുങ്ങി കിടക്കുന്നു. അവരിൽ നിന്ന് ആയിരക്കണക്കിന് പേര് സൗദിയിലേക്ക് മടങ്ങുന്നതിന് ദുബായിയിൽ വന്ന് അവിടെയും കുടുങ്ങി കിടക്കുന്നു. ഇവരിൽ നിരവധി പേർ തിരിച്ചു നാട്ടിലേക്ക് തന്നെ മടങ്ങുന്നു. ഇവരൊക്കെയാണ് ഈ കൊടിയ പീഡനത്തിന്റെ ഇരകൾ.
കോവിഡ് കേസുകൾ കുതിച്ചുയർന്നിട്ടും കേരളത്തിൽ ഒരു നിയന്ത്രണവുമില്ലാതെ സമ്മേളനങ്ങളും ഉത്സവങ്ങളും പൊടിപൊടിക്കുന്നു. പക്ഷെ പ്രവാസിയെ മാത്രം കോവിഡ് വാഹകരെന്ന പേരിൽ അയിത്തം കല്പിച്ച് അകറ്റി നിർത്തുന്നു. പ്രവാസികൾക്ക് മാത്രം പ്രത്യേക നിയമം ഈ വിവേചനം ഇനിയും പൊറുക്കാനാവില്ല. കേന്ദ്ര സർക്കാറുമായി ഏറ്റവും വലിയ ഹൃദയബന്ധമുള്ള മുഖ്യമന്ത്രിയും സർക്കാറുമാണ് കേരളത്തിലുള്ളത്. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി പ്രിയപ്പെട്ട പ്രധാനമന്ത്രിയോട് ഈ പാവപെട്ട പ്രവാസികൾക്കായ് അഭ്യർത്ഥന നടത്തണം. അല്ലെങ്കിൽ നാട്ടിലെ കോവിഡ് പരിശോധന ചിലവ് സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറായി ഈ പ്രവാസി പീഡനം അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വിദേശത്തോ, ഇന്ത്യയിലോ എവിടെയെങ്കിലും ഒരു സ്ഥലത്ത് മാത്രം പരിശോധന എന്നത് അംഗീകരിച്ചു സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും ഇല്ലെങ്കിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ടെസ്റ്റ് സൗജന്യമായി നൽകണമെന്നും കൊച്ചു കുട്ടികളെ ഈ പരിശോധനകളിൽ നിന്ന് ഒഴിവാക്കണമെന്നും കെ.എം.സി.സി ജിദ്ദ കമ്മിറ്റി കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.