ജിദ്ദ: ഇലക്ട്രിക് എസ്.യു.വികൾക്കായുള്ള ‘എക്‌സ്ട്രീം ഇ 2024’ കാറോട്ട മത്സരം നാലാം പതിപ്പിന് ജിദ്ദയിൽ തുടക്കം. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും കായിക മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന മത്സരം രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്. ആകെ 16 കാറോട്ട താരങ്ങളാണ് മത്സരിക്കുന്നത്. ഇവർ എട്ട് അന്താരാഷ്ട്ര ടീമുകളെയാണ് പ്രതിനിധീകരിക്കുന്നത്. ജിദ്ദ ആദ്യമായാണ് എക്‌സ്ട്രീം ഇ കാറോട്ട മത്സരത്തിന് വേദിയാകുന്നത്.
ആദ്യപതിപ്പിന് 2021ൽ അൽഉലയാണ് ആതിഥേയത്വം വഹിച്ചത്. രണ്ടും മൂന്നും പതിപ്പുകൾ നിയോമിലാണ് നടന്നത്. എക്‌സ്ട്രീം ഇ എന്ന പ്രധാന ഇവൻറിന് നാലാം തവണയും സൗദിയിൽ ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ പറഞ്ഞു. ഇത് കായിക മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന തുടർച്ചയായ പിന്തുണയുടെയും കായിക മന്ത്രിയുടെ നിരന്തരമായ ഫോളോ അപ്പിെൻറയും ഫലങ്ങളിലൊന്നാണ്.
രാജ്യം ഇപ്പോൾ വിവിധ കായിക മത്സരങ്ങൾക്കുള്ള ജനപ്രിയ സ്ഥലമായി മാറിയിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഞങ്ങൾ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ലോകത്തെ സ്വാധീനിക്കാൻ ഇലക്ട്രിക് കാറോട്ട മത്സരങ്ങൾക്കാവും. കാർബൺ ബഹിർഗമനമുണ്ടാക്കുന്ന പെട്രോളിയം വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ഇത് ജനങ്ങൾക്ക് വലിയ സന്ദേശം പകരും. ഇത്തരമൊരു സന്ദേശമാണ് സൗദി ഇത്തരമൊരു ഇവൻറിെൻറ ആതിഥേയരാകുന്നതിലൂടെ പകർന്നുനൽകുന്നതെന്നും അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു.
പരിസ്ഥിതിയിൽ കാലാവസ്ഥാ വ്യതിയാനത്തിെൻറ ആഘാതം ഉയർത്തിക്കാട്ടുകയും സുസ്ഥിരതയുടെ മേഖലയിൽ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുന്ന ഇലക്ട്രിക് എസ്.യു.വി മത്സരത്തിെൻറ പുതിയതും നൂതനവുമായ ഒരു രൂപമാണ് ‘എക്‌സ്ട്രീം ഇ’ സീരീസ്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കാർബൺ അളവ് കുറയ്ക്കുന്നതിനും ഭൂമിയുടെ മെച്ചപ്പെട്ട ഭാവിക്കായി സുസ്ഥിരമായി പ്രവർത്തിക്കുന്നതിനും ഇത് സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.