ജിദ്ദ: തീർഥാടകരുടെ എണ്ണം വർധിപ്പിച്ചതോടെ മക്ക ഹറമിൽ വേണ്ട എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഇരു ഹറം കാര്യാലയ വക്താവ് ഹാനീ ഹുസ്നി ഹൈദർ പറഞ്ഞു. പ്രതിദിന തീർഥാടകരുടെ എണ്ണം ലക്ഷവും നമസ്കരിക്കാനെത്തുന്നവരുടെ എണ്ണം 60,000 ഉം ഉയർത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുഹറം കാര്യാലയ മേധാവിയുടെ നിർദേശത്തെ തുടർന്ന് തീർഥാടകർക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ എളുപ്പത്തിൽ ഉംറ നിർവഹിക്കുന്നതിനുവേണ്ട എല്ലാ നടപടിക്രമങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ സ്റ്റിക്കറുകൾ പതിക്കൽ, മത്വാഫിൽ ട്രാക്കുകളുടെ എണ്ണം കൂട്ടൽ, ഭിന്നശേഷിക്കാർക്ക് പ്രത്യേക പാതകൾ ഒരുക്കൽ തുടങ്ങിയ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ത്വവാഫിെൻറ സുന്നത്ത് നമസ്കാരത്തിന് പ്രത്യേക സ്ഥലം നിശ്ചയിക്കുകയും കിങ് ഫഹദ് ഹറം വികസനം, മൂന്നാം സൗദി വികസന ഭാഗം എന്നിവിടങ്ങളിൽ നമസ്കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതൽ ഉംറ തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. പ്രതിദിന തീർഥാടകരുടെ എണ്ണം ലക്ഷം ആക്കിയതോടെ വ്യാഴാഴ്ച മുതൽ ഹറമിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കൂടുതൽ കവാടങ്ങൾ തുറക്കുകയും നമസ്കാരത്തിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തിരക്ക് കുറക്കാൻ പടിഞ്ഞാറ് ഭാഗത്തെ 86, 89 നമ്പർ കവാടങ്ങൾക്കിടയിലെ മുറ്റം സുബ്ഹി, മഗ്രിബ്, ഇശാഅ് നമസ്കാരത്തിനായി ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ വിരിപ്പുകൾ, സംസം, അണുനശീകരണ ലായനികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.