ജുബൈൽ: സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരൻ മലയാളി സാമൂഹിക പ്രവർത്തകെൻറ ഇടപെടലിൽ വാൾതലപ്പിൽ നിന്ന് രക്ഷപ്പെട്ടു. ജുബൈലിലെ സ്വകാര്യകമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശി ഗോപിനാഥ് ബട്‌കോ ഗംഗാധർ റാവുവാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് വധശിക്ഷ ഒഴിവായി ജയിൽ മോചിതനായത്.
പ്രവാസി സാംസ്‌കാരിക വേദി സേവനവിഭാഗം കൺവീനർ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. 10 വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായ ഗോപിനാഥ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. 2011 നവംബർ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഗോപിനാഥ് അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസമായിരുന്നു ജീവിതം തകർത്ത സംഭവം. ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉയർന്ന പദവിയിലായിരുന്ന ഹൈദരാബാദ് സ്വദേശി സുഹൈലാണ് കൊല്ലപ്പെട്ടത്. അന്നേദിവസം വൈകീട്ട് മദ്യപിച്ച് സുഹൈലിെൻറ വീട്ടിലെത്തിയ ഗോപിനാഥ് സാമ്പത്തിക ഇടപെടുകളെ ചൊല്ലി തർക്കിക്കുകയും ഒടുവിൽ ൈകയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൈലിനെ നിരവധി തവണ കുത്തിയ ശേഷം ഗോപിനാഥ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. താമസ സ്ഥലത്തെത്തി കുളിച്ച് വസ്ത്രം മാറി ബാഗും പാസ്പോർട്ടും എടുത്ത് ട്രാവൽ ഏജൻസിയിൽ പോയി ടിക്കറ്റ് കരസ്ഥമാക്കിയ ശേഷം സ്വകാര്യ ടാക്സിയിൽ ദമ്മാം വിമാനത്താവളത്തിലേക്ക് പോയി. എന്നാൽ കൊലപാതകത്തെകുറിച്ചറിഞ്ഞ പൊലീസ് വിമാനത്താവളത്തിലുൾപ്പടെ വിവരം കൈമാറിയിരുന്നു.
ഇതറിയാതെ എമിഗ്രേഷനിൽ എത്തിയ ഗോപിനാഥിനെ തടയുകയും രാത്രിയോടെ പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി ജുബൈൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുകയുമായിരുന്നു. എട്ട് ദിവസത്തിന് ശേഷം ഗോപിനാഥിനെ അബുഹദ്രിയാ ജയിലിലേക്ക് മാറ്റി. മൂന്നുവർഷത്തിന് ശേഷം ജുബൈൽ കോടതി വധശിക്ഷക്ക് വിധിച്ചു. മോചനദ്രവ്യം നൽകാം എന്ന് വാഗ്ദാനം ചെയ്തെങ്കിലും സുഹൈലിെൻറ കുടുംബം മാപ്പ് നൽകാൻ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് ഗോപിനാഥ് സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായി ബന്ധപ്പെടുകയും എംബസിയുടെ അനുവാദത്തോടെ അദ്ദേഹം ഇരു കൂട്ടർക്കും ഇടയിൽ മധ്യസ്ഥനാവുകയുമായിരുന്നു.
നിരവധി തവണ സൈഫുദ്ദീൻ പൊറ്റശ്ശേരി സുഹൈലിെൻറ ഭാര്യാപിതാവുമായും കുടുംബവുമായും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്. മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ കുടുംബം തയ്യാറായതോടെ വധശിക്ഷ റദ്ദ് ചെയ്ത കോടതി ഗോപിനാഥിനെ മോചിപ്പിക്കാൻ ഉത്തരവിട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽമോചിതനായ ഗോപിനാഥ് കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്നും കൊച്ചി വഴി ഹൈദരാബാദിൽ എത്തിയതായി സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.