ജിദ്ദ: സൗദി അറേബ്യയിൽ മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ട്രേറ്റ്. ആശ്രിത വിസയിലുള്ള 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോൾ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 21 വയസുകഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ ആശ്രിത വിസയിൽ തുടരാൻ കഴിയൂ.
25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാനാവൂ. അതുകൊണ്ടാണ് വിദേശിയുടെ ആശ്രിതരായി കുടുംബ വിസയിൽ സൗദിയിൽ കഴിയുന്ന ആണുങ്ങളിൽ 21 വയസുകഴിഞ്ഞവർ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും വ്യവസ്ഥ വെക്കുന്നതെന്ന് ജവാസത് വിശദീകരിച്ചു. സ്ത്രീകളാണെങ്കിൽ ആശ്രിത വിസയിൽ തുടരാം. എന്നാൽ ഇഖാമ പുതുക്കുന്നതിന് വിവാഹിത അല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. വിവാഹിതയാണെങ്കിൽ ഭർത്താവിന്റെ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടിവരും. സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ ഗുണഭോക്താവ് സൗദി അറേബ്യയിൽ ഉണ്ടായിരിക്കണമെന്നും ഡയറക്ട്രേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.