അസ്​ഹർ പുള്ളിയിൽ

അസ്ഹർ പുള്ളിയിൽ പ്രവാസത്തോട് വിടപറയുന്നു

റിയാദ്‌: തനിമ സാംസ്കാരിക വേദി സെൻട്രൽ പ്രോവിൻസ് പ്രസിഡൻറും റിയാദിൽ മാധ്യമപ്രവർത്തകനുമായ അഹ്‌മദ്‌ അസ്ഹർ പുള്ളിയിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 1985ൽ കിങ്​ സഊദ് യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായാണ്​ റിയാദിൽ പ്രവാസം ആരംഭിച്ചത്​. ഏഴു വർഷത്തോളം നീണ്ട പഠനം പൂർത്തിയാക്കി നാട്ടിൽ പോയി ചെറിയൊരു ഇടവേളക്കുശേഷം തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അറബിക്​ ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന് ഭാഷാപഠന കോഴ്‌സും കോളജ് ഓഫ് എജുക്കേഷനിൽനിന്ന് ഇസ്‌ലാമിക വിഷയങ്ങളിൽ ബി.എഡും കരസ്ഥമാക്കി.

ഏതാനും മാസങ്ങൾ നാട്ടിൽ ഭാഷ അധ്യാപകനായി ജോലി നിർവഹിച്ചു. മലപ്പുറം ഫലാഇയ്യ കോളജിൽ പഠിക്കു​േമ്പാഴാണ്​ തിരഞ്ഞെടുക്കപ്പെട്ട്​ അദ്ദേഹം ഉപരിപഠനത്തിന്​ കിങ്​ സഊദ്​ യൂനിവേഴ്​സിറ്റിയിലെത്തുന്നത്. തനിമ സാംസ്കാരിക വേദിയിലൂടെയായിരുന്നു റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലേക്കുള്ള രംഗപ്രവേശനം. ഖുർആൻ വൈജ്ഞാനിക ക്ലാസുകൾ, അറബി ഭാഷാപഠന പരിപാടികൾ, മദ്‌റസ പ്രസ്ഥാനം, ജനക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സാമൂഹിക സേവന രംഗങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു.

അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രവാസി സമൂഹത്തിൽ വലിയൊരു ഇടപെടൽതന്നെ നടത്താൻ കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പഠിതാക്കൾ അദ്ദേഹത്തിൽനിന്ന്​ അറിവി​െൻറ മാധുര്യം നുകർന്നു. തനിമ കേന്ദ്ര ജനറൽ സെക്രട്ടറി, കേന്ദ്ര കൂടിയാലോചന സമിതിയംഗം എന്നീ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടനശേഷിയും നേതൃപാടവവും സവിശേഷതയായി. നിതാഖാത് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രവാസികളുടെ യാത്രാനടപടികളിലും സഹായവുമായി അദ്ദേഹം തനിമയുടെ പങ്ക് അടയാളപ്പെടുത്തി. കോവിഡ്‌ മഹാമാരിയുടെ തുടക്കത്തിൽ തന്നെ സുരക്ഷ ബോധവത്​കരണം നടത്താനും ഭക്ഷ്യവിഭവങ്ങൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ശേഖരണത്തിനും വിതരണത്തിലും കരുത്തുറ്റ നേതൃത്വം വഹിച്ചു.

തനിമ കേന്ദ്രസമിതിയുടെ മേൽനോട്ടത്തിൽ നടത്തിയ വിശ്വോത്തര ഖുർആൻ പരിഭാഷ 'തഫ്ഹീമുൽ ഖുർആ​െൻറ' മലയാളം ഡിജിറ്റലൈസേഷൻ, 'പ്രബോധനം' വാരികയുടെ ദേശാന്തര പതിപ്പ്, റിയാദിൽ നടന്ന ഇൻറർനാഷനൽ ബുക്ക് ഫെയറിൽ കേരളത്തിൽ നിന്നുള്ള ഐ.പി.എച്ചി​െൻറ സാന്നിധ്യം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ചു. പത്രപ്രവർത്തന രംഗത്തും നിറസാന്നിധ്യമായി. അറബ് ലോകത്തെ വിശേഷങ്ങൾ ജനങ്ങളെ അറിയിക്കാനും പ്രവാസി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ പൊതുസമൂഹത്തിലെത്തിക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇറാഖ്-കുവൈത്ത് അധിനിവേശം, രണ്ടാം ഗൾഫ് യുദ്ധം, യമൻ -സഖ്യകക്ഷി സംഘർഷം, നിതാഖാത്, അറബ് ഉച്ചകോടികൾ, ഇന്ത്യൻ ഭരണാധികാരികളുടെ സൗദി സന്ദർശനം, ഹജ്ജ് വിശേഷങ്ങൾ, അറബ് വസന്തം തുടങ്ങി ദേശീയ അന്തർദേശീയ പ്രധാനമായ നിരവധി റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്. അറബ് ജീവിതം, കലാസാഹിത്യ സാംസ്കാരിക ഇടങ്ങൾ, മരുഭൂമിയിലെ യാത്രകൾ എന്നിവയെ കുറിച്ചെല്ലാം ധാരാളം ഫീച്ചറുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഗൾഫ് മാധ്യമ'ത്തിലും 'മീഡിയവൺ' ചാനലിലും ​സൗദിയിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട്​ ചെയ്യുന്നതിൽ സജീവമായി.

റിയാദിൽ നടന്ന 'അഹ്‌ലൻ കേരള'യുടെയും ജിദ്ദയിലെ 'പ്രവാസോത്സവ'ത്തി​െൻറയും മുഖ്യ സംഘാടകരിലൊരാളായി. നിലവിൽ മീഡിയവണി​െൻറ സൗദി അഡ്മിനിസ്‌ട്രേഷൻ മാനേജറും ഗൾഫ് മാധ്യമം-മീഡിയവൺ നിർവാഹക സമിതിയംഗവുമാണ്. അമേരിക്കൻ മൾട്ടിനാഷനൽ കമ്പനിയായ എക്സോൺ മോബിൽ കോർപറേഷനിൽ പ്ലാനിങ്​ ആൻഡ്​ ഓപറേഷൻ അഡ്വൈസറായി ജോലിയിലിരിക്കെയാണ് വിരമിക്കുന്നത്. മലപ്പുറം മേൽമുറി സ്വദേശിയായ പുള്ളിയിൽ അബ്​ദുറഹ്​മാൻ (കുഞ്ഞുട്ടി), റുഖിയ കൊന്നോല ദമ്പതികളുടെ മകനാണ്. ഭാര്യ സാബിറ കുരുണിയൻ. മക്കൾ സാദിയ ഭർത്താവ് ഇ.വി. അനീസിനോടൊപ്പം ജിദ്ദയിലും ശമീമ ഭർത്താവ് അസ്ഹറുദ്ദീനോടൊപ്പം

റിയാദിലും താമസിക്കുന്നു. യു.എ.ഇ, ജോർഡൻ, ഈജിപ്ത്, ഫലസ്​തീൻ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, മലേഷ്യ, സെയ്​ഷെൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നവംബർ ആദ്യം അസ്ഹർ പുള്ളിയിൽ നാട്ടിലേക്ക് മടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.