ജുബൈൽ: സൈനിക പരിശീലനം പൂർത്തിയാക്കിയ 200ലധികം സൗദി വനിത കാഡറ്റുകൾ ബുധനാഴ്ച പുറത്തിറങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.അടിസ്ഥാന വ്യക്തിഗത കോഴ്സ് പൂർത്തിയാക്കിയ 228 സൈനികരെ മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ-യഹ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആദരിച്ചു. എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങളുടെ തുടർച്ചയായാണ് സൗദി അറേബ്യ കഴിഞ്ഞ ഫെബ്രുവരി മുതൽ സ്ത്രീകൾക്ക് സൈനിക മേഖല തുറന്നുകൊടുത്തതെന്ന് അൽ-യഹ്യ പറഞ്ഞു.
റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, ആംഡ് ഫോഴ്സ് മെഡിക്കൽ സർവിസസ് എന്നിവയിൽ ചേരാൻ സൗദി വനിതകൾക്ക് ഇപ്പോൾ അവസരമുണ്ട്.
ഉത്തരവാദിത്തം, ഗൗരവം, ആവേശം, സമർപ്പണം, സേവന സന്നദ്ധത എന്നിവ സൈനികർക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്റ്റംബറിൽ സായുധ സേനയിലെ വനിത കേഡർ പരിശീലന കേന്ദ്രത്തിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ആദ്യസംഘം വനിതകൾ പുറത്തിറങ്ങിയിരുന്നു. ബോർഡർ ഗാർഡുകളിൽ ചേരാൻ സ്ത്രീകൾക്ക് പ്രവേശനവും രജിസ്ട്രേഷനും ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.