റിയാദ്: ചെറിയ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾക്ക് തുടക്കമിട്ടു. മൂന്ന് ദിവസവും രാത്രി ഒമ്പതിനാണ് ആകാശത്ത് ആയിരം മലരുകൾ പൂത്തിറങ്ങുന്ന കരിമരുന്ന് പ്രയോഗം നടത്തുന്നത്. റിയാദിൽ ബോളിവാഡ് സിറ്റി, അബഹയിൽ അൽസ്വഫാ പാർക്ക്, ജിദ്ദയിൽ പ്രൊമിനേഡ് നടപ്പാത, അൽഖോബാറിൽ വാട്ടർ ഫ്രണ്ട്, ഹായിലിൽ അൽമഖ്വാ എൻറർടെയിൻമെൻറ് റോഡ്, അൽബാഹയിൽ പ്രിൻസ് ഹുസാം പാർക്ക്, തബൂക്കിൽ തബൂക്ക് സെൻട്രൽ പാർക്ക്, അറാറിൽ ഉഥൈം മാളിന് എതിർവശത്തുള്ള പബ്ലിക് പാർക്ക്, നജ്റാനിൽ അൽനഹ്ദ ഡിസ്ട്രിക്റ്റ്, മദീനയിൽ കിംഗ് ഫഹദ് സെൻട്രൽ പാർക്ക്, ജീസാനിൽ നോർത്ത് കോർണിഷ് നടപ്പാത എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളുണ്ട്.
സകാക്ക അസീസിയ പാർക്കിൽ രാത്രി 9.45 നും ബുറൈദയിൽ കിംഗ് അബ്ദുല്ല നാഷനൽ പാർക്കിൽ രാത്രി പത്തിനുമാണ് കരിമരുന്ന് പ്രയോഗം. റിയാദ്, ജിദ്ദ, അബഹ എന്നിവിടങ്ങളിൽ ഇന്നും നാളെയും ഡ്രോൺ പ്രദർശനങ്ങളും നടക്കുമെന്ന് അതോറിറ്റി അറിയിച്ചു. റിയാദിൽ എട്ടു പാർക്കുകളിൽ മൂന്നു ദിവസങ്ങളിൽ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. പ്രിൻസ് അബ്ദുൽ അസീസ് ബിൻ അയ്യാഫ് പാർക്ക്, ഉക്കാദ് പാർക്ക്, അൽദോഹ് ചത്വരം, എക്സിറ്റ് രണ്ടിലെ അൽനഖീൽ പാർക്ക്, അലീശ പാർക്ക്, അൽനദ ഡിസ്ട്രിക്ട് പാർക്ക്, അൽഹൈർ, അൽനസീം പാർക്ക് എന്നിവിടങ്ങളിൽ നാടകങ്ങളും കവിയരങ്ങുകളും സൗദി പരമ്പരാഗത നൃത്തരൂപമായ അർദയും അടക്കം വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുമെന്ന് റിയാദ് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.