ജിദ്ദ: ലോക ഫുട്ബാൾ ഗവേണിങ് ബോഡിയായ ഫിഫയും എണ്ണ, വാതക കൂട്ടായ്മയായ സൗദി അരാംകോയുമായി 2027 അവസാനം വരെ ലോകപങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ലോകകപ്പ് 2026, വനിത ലോകകപ്പ് 2027 തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ ഉൾപ്പെടെ നാല് വർഷത്തെ കരാറിൽ അരാംകോ, ഫിഫയുടെ ലോകമെമ്പാടുമുള്ള പങ്കാളിയായി മാറും. ഗോൾഫ്, ഫുട്ബാൾ, മോട്ടോർ സ്പോർട്സ്, ആയോധന കലകൾ തുടങ്ങി ലോകമെമ്പാടുമുള്ള കായിക ഇനങ്ങളിലേക്ക് സൗദി അറേബ്യ ശതകോടികൾ നിക്ഷേപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അരാംകോയുടെ തീരുമാനം.
പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ശ്രമിക്കുന്ന സർക്കാറിന്റെ വിഷൻ 2030 സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയുടെ നെടുന്തൂണുകളിൽ ഒന്നാണ് കായികം. സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോ, സൗദി അറേബ്യയിലെ രണ്ടാംനിര ഫുട്ബാൾ ടീമായ അൽ ഖദ്സിയയുടെ ഉടമസ്ഥരാണ്. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027ലെ ഏഷ്യൻ കപ്പിലും 2034 ലോകകപ്പിലും മത്സരങ്ങൾ അരങ്ങേറുന്നതിനായി ദമ്മാമിൽ അരാംകോ ഒരു സ്റ്റേഡിയം നിർമിക്കുന്നുണ്ട്.
‘ഫിഫയുമായുള്ള പങ്കാളിത്തത്തിലൂടെ, ഫുട്ബാൾ വികസനത്തിന് സംഭാവന നൽകാനും ലോകമെമ്പാടും സ്വാധീനം ചെലുത്താൻ കായികത്തിന്റെ ശക്തി പ്രയോജനപ്പെടുത്താനും തങ്ങൾ ലക്ഷ്യമിടുന്നുവെന്ന്’ അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിൻ എച്ച്. നാസർ പറഞ്ഞു.‘ഫിഫയുടെ മുൻനിര ടൂർണമെൻറുകൾ വിജയകരമായി നടത്തുന്നതിന് ഈ പങ്കാളിത്തം സഹായിക്കുമെന്നും ലോകമെമ്പാടുമുള്ള തങ്ങളുടെ 211 ഫിഫ അംഗ അസോസിയേഷനുകൾക്ക് മെച്ചപ്പെട്ട പിന്തുണ നൽകാൻ ഇത് തങ്ങളെ പ്രാപ്തരാക്കുമെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫന്റിനോ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.