ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യ ലോകത്തെ അമ്പരപ്പിച്ചുവെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ. ജിദ്ദ വേദിയായ ലോക ഫുട്ബാൾ മേളക്ക് ആതിഥേയത്വം വഹിച്ച സൗദിയുടെ അത്ഭുതകരമായ വിജയം ഏഷ്യൻ ഭൂഖണ്ഡത്തിന്റെ മുഴുവൻ വിജയമായാണ് കാണുന്നതെന്നും കോൺഫെഡറേഷൻ പ്രസിഡന്റും ഫിഫ സീനിയർ വൈസ് പ്രസിഡൻറുമായ ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആലു ഖലീഫ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദയിൽ സമാപിച്ച 10 ദിവസം നീണ്ട ടൂർണമെന്റിനു ശേഷം ഒരു മാധ്യമ പ്രസ്താവനയിലാണ് ശൈഖ് സൽമാൻ ഇക്കാര്യം കുറിച്ചത്. ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ച സൗദി അറേബ്യയുടെ മികച്ച വിജയത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരി സൽമാൻ രാജാവിൽ നിന്ന് സൗദി കായിക പ്രസ്ഥാനത്തിന് ലഭിക്കുന്ന അർഥവത്തായ രക്ഷാകർതൃത്വത്തിന്റെ തെളിവാണ് ക്ലബ് ലോകകപ്പിന്റെ സംഘാടന മികവ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ‘വിഷൻ 2030’ പദ്ധതി കായികമേഖലക്ക് നൽകുന്ന മുൻഗണനയുടെ പ്രതിഫലനവുമാണ്. ഈ വിജയം അന്താരാഷ്ട്ര ഫുട്ബാൾ ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തും. അന്താരാഷ്ട്ര ഫുട്ബാൾ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ശേഷി വെളിപ്പെടുത്തുന്നതാണെന്നും ശൈഖ് ഇബ്രാഹിം പറഞ്ഞു.
ടൂർണമെന്റിന്റെ വിജയകരമായ പരിസമാപ്തി ഇവന്റുകൾക്കുള്ള ആകർഷകമായ അന്തരീക്ഷം, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, സംഘാടന വൈദഗ്ദ്ധ്യം, മാനവവിഭവശേഷി, എല്ലാ കഴിവുകളോടും കൂടിയ സംഘടനാ പ്രക്രിയ എന്നിവയിലെ മികവും പ്രകടമാക്കുന്നതാണ്. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള വിവിധ വിജയ ഘടകങ്ങൾ സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൗദി
അറേബ്യയിലെ വിവിധ ഔദ്യോഗിക സ്ഥാപനങ്ങളുടെ ശ്രമങ്ങളെ ശൈഖ് ഇബ്രാഹിം പ്രശംസിച്ചു. അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസലിന്റെ നേതൃത്വത്തിലുള്ള കായിക മന്ത്രാലയത്തിനും യാസർ അൽമഷ്ഹലിന്റെ നേതൃത്വത്തിലുള്ള സൗദി ഫുട്ബാൾ അസോസിയേഷനും ബന്ധപ്പെട്ട വകുപ്പുകൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റി ടീം പരിശീലകൻ പെപ് ഗാർഡിയോള
സൗദിയിൽനിന്ന് കപ്പ് നേടാനായതിൽ സന്തോഷം -മാഞ്ചസ്റ്റർ സിറ്റി ടീം പരിശീലകൻ
ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പിന്റെ 20ാം പതിപ്പ് അതിശയകരവും സവിശേഷവുമായിരുന്നെന്ന് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗാർഡിയോള പറഞ്ഞു. ക്ലബ് ലോകകപ്പിൽ ആദ്യമായി കിരീടം ചൂടാനായതും അത് സൗദിയിൽ വെച്ചായതിന്റെയും സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിൽ ലോകകപ്പിന്റെ സമാപനചടങ്ങിനു ശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഈ മികച്ച വിജയത്തിലും സൗദിയിൽനിന്ന് ടീമിന് ആദ്യ ക്ലബ് ലോകകപ്പ് നേടാനായതിലും സന്തോഷമുണ്ടെന്ന് ഗാർഡിയോള പറഞ്ഞു. ബ്രസീലിയൻ ടീം ഫ്ലുമിനെൻസുമായുള്ള ഏറ്റുമുട്ടലിന്റെ തുടക്കം മുതലേ ഭാഗ്യം ഞങ്ങൾക്ക് അനുകൂലമായിരുന്നു. വ്യത്യസ്തമായ രീതിയിൽ പന്ത് നിയന്ത്രിക്കാനും കൈമാറാനും ടീം ശ്രമിച്ചു. തുടക്കത്തിൽ ടീം ശക്തരായിരുന്നു.
ക്ലബ് ലോകകപ്പിൽ വീണ്ടും ചരിത്രമെഴുതാൻ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്നും ഗാൾഡിയോള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.