ജിദ്ദ: ഖത്തറിൽ അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരം കാണാനും അതിനിടയിൽ സൗദി അറേബ്യ സന്ദർശിക്കുന്നതിനും ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും തങ്ങളുടെ യാത്ര സുഗമമാക്കാൻ പ്രത്യേക പോർട്ടൽ ആരംഭിച്ച് സൗദി വിനോദസഞ്ചാര വകുപ്പ്.
രാജ്യത്തെ പൗരന്മാർക്കും വിദേശ താമസക്കാർക്കും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനായാണ് ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോമായി 'ഹാദിരീൻ' എന്ന പേരിൽ പോർട്ടൽ ആരംഭിച്ചിരിക്കുന്നത്.
ആഭ്യന്തരം, കായികം, ഗതാഗതം, ലോജിസ്റ്റിക് മന്ത്രാലയങ്ങൾ, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, സകാത്-ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, എയർപോർട്ട് ഹോൾഡിങ് കമ്പനി എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്ലാറ്റ്ഫോം സജ്ജമാക്കിയിരിക്കുന്നത്. ലോകകപ്പ് കാലയളവിൽ സൗദിയിലായിരിക്കുമ്പോൾ മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരുടെയോ വിനോദസഞ്ചാരികളുടെയോ യാത്ര സുഗമമാക്കുന്ന മാർഗനിർദേശ വിവരങ്ങളും സേവനങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഹാദിരീൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളും അവയിൽ നടക്കുന്ന പരിപാടികളും എളുപ്പത്തിൽ തിരിച്ചറിയാൻ ഈ പോർട്ടൽ ഉപയോക്താക്കളെ സഹായിക്കും. അന്വേഷണമോ എന്തെങ്കിലും വിവരം അറിയാനുള്ള ആഗ്രഹമോ സഹായത്തിനുള്ള അഭ്യർഥനയോ ഉണ്ടായാൽ 911 എന്ന നമ്പർ വഴി ദേശീയ സുരക്ഷാകേന്ദ്രത്തെ ബന്ധപ്പെടാം. https://www.hereforyou-sa.com/en/ എന്നതാണ് പോർട്ടലിന്റെ അഡ്രസ്.
ഖത്തർ വേൾഡ് കപ്പ് കാണാൻ അനുവദിക്കുന്ന ഹയ്യ കാർഡുള്ളവർക്ക് 10 ദിവസം മുമ്പേ സൗദിയിലേക്ക് പ്രവേശിക്കാമെന്നും 60 ദിവസം വരെ ഇവിടെ തങ്ങാമെന്നും ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ എന്ന് ആരംഭിക്കുമെന്നും ഏതൊക്കെ മത്സരങ്ങൾ എവിടെയൊക്കെയാണെന്നും പോർട്ടലിലെ 'കമിങ് ടു സൗദി അറേബ്യ'എന്ന പേജിൽ വ്യക്തമാക്കുന്നു. 'എൻജോയിങ് സൗദി' എന്ന പേജിൽ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ടൂർ പാക്കേജുകളെയും കുറിച്ച് വിശദീകരിക്കുന്നു.
മത്സരം കാണാൻ ഖത്തറിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് 'ഗോയിങ് ടു വേൾഡ് കപ്പ്' എന്ന പേജിലുള്ളത്. ലോകകപ്പ് പ്രമാണിച്ച് സൗദിയിൽനിന്ന് ദോഹയിലേക്ക് പ്രതിദിന ഷട്ടിൽ വിമാന സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.