റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ ‘ആഇശയെയും അകീസയെയും’റിയാദിലേക്കെ ത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സൽമാൻ രാജാവിന്റെ നിർദേശത്തെതുടർന്നാണിത്. പ്രതിരോധ മന്ത്രാലയത്തിന്റെ എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴിയാണ് സയാമീസുകളെ റിയാദിലെത്തിക്കുക. കിങ് സൽമാൻ റിലീഫ് സെന്ററിൽ നിന്നുള്ള ഒരു സംഘമാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. സൗദിയിലേക്ക് തിരിക്കുന്നതിനുമുമ്പ് സയാമീസ് ഇരട്ടകളായ ആഇശയെയും അകീസയെയും കുടുംബത്തെയും ഫിലിപ്പീൻസിലെ സൗദി അംബാസഡർ ഹിഷാം അൽഖഹ്താനി സ്വീകരിച്ചു. കിങ് സൽമാൻ റിലീഫ് സെന്ററിൽ നിന്നുള്ള സംഘം, ഫിലിപ്പീൻസ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി മാർഡോമിൽ സീലോ മെലിക്കോർ, ഫിലിപ്പൈൻ റെഡ് ക്രോസ് പ്രസിഡന്റ് റിച്ചാർഡ് ഗോർഡൻ, നിരവധി പ്രാദേശിക മാധ്യമങ്ങൾ സ്വീകരണത്തിൽ പങ്കെടുത്തു. സൗദിയുടെ അന്തർദേശീയ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് സയാമീസുകളായ ആഇഷയെയും അകീസയേയും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൗദിയിലെത്തിക്കുന്നതെന്ന് സൗദി അംബാസഡർ പറഞ്ഞു. രണ്ട് സൗഹൃദ രാജ്യങ്ങളിലെ സർക്കാറുകളും ജനങ്ങളും തമ്മിലുള്ള വ്യതിരിക്തമായ സൗഹൃദബന്ധം വർധിപ്പിക്കുമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. മാനുഷിക പ്രവർത്തനരംഗത്ത് സൗദി മുൻനിരക്കാരായി മാറിയിരിക്കുന്നു. വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമാകട്ടെയെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.