മദീന: ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലെ ആദ്യ ഉംറ തീർഥാടകസംഘം മദീനയിലെത്തി. സൽമാൻ രാജാവിന്റെ അതിഥികളായാണ് ഇവരെത്തുന്നത്. 1000 ഉംറ തീർഥാടകരാണ് ഇത്തവണ ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലെത്തുന്നത്. ഇതിനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് സൽമാൻ രാജാവ് നൽകിയത്. മതകാര്യ വകുപ്പാണ് പരിപാടി നടപ്പാക്കുന്നതും മേൽനോട്ടം വഹിക്കുന്നതും. കിഴക്കനേഷ്യയിലെ 14 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ഇസ്ലാമിക വ്യക്തികൾ ഉൾപ്പെടെ 250 പുരുഷന്മാരും സ്ത്രീകളുമായ തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്വാൻ, മ്യാന്മർ, വിയറ്റ്നാം, ലാവോസ്, ഹോങ്കോങ്, ജപ്പാൻ, ബ്രൂണെ, തായ്ലൻഡ്, ദക്ഷിണ കൊറിയ, കമ്പോഡിയ, മംഗോളിയ എന്നിവിടങ്ങളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സംഘം ഉടൻ പുണ്യഭൂമിയിലെത്തും.
ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനും മദീന സന്ദർശിക്കുന്നതിനും ആതിഥ്യമരുളിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആദ്യസംഘത്തിൽ എത്തിയവർ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഈ ആതിഥേയത്വം ഇസ്ലാമിനും മുസ്ലിംകൾക്കും വേണ്ടിയുള്ള മഹത്തായ സേവനമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.