മദീന: ഒമ്പത് വർഷത്തിനുശേഷം ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി. തിങ്കളാഴ്ച രാവിലെ മദീനയിലെത്തിയ സംഘത്തിൽ 85 ഓളം പേരാണുള്ളത്. ടെഹ്റാനും റിയാദും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനെതുടർന്ന് ഏകദേശം ഒമ്പത് വർഷത്തിനിടെ ഇറാനിൽ നിന്നുള്ള ആദ്യ സംഘമാണിത്. സംഘത്തെ സൗദിയിലെ ഇറാൻ അംബാസഡർ അലി റെസ ഇനായത്തി സ്വീകരിച്ചു. നീണ്ട ഇടവേളക്കുശേഷം ഇറാനിയൻ ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചതിൽ അംബാസഡർ സംതൃപ്തി പ്രകടിപ്പിച്ചു. ഇറാൻ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അനുഗ്രഹീത ആത്മീയ ചുവടുവെപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ വിഷയത്തിൽ സഹകരിച്ച സൗദി അറേബ്യയിലെ വിദേശ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് അംബാസഡർ നന്ദി പറഞ്ഞു.
ചൈനയുടെ മധ്യസ്ഥതയിൽ 2023 മാർച്ചിലാണ് സൗദിയും ഇറാനും തമ്മിൽ 2016 ൽ വിച്ഛേദിച്ച സമ്പൂർണ്ണ നയതന്ത്രബന്ധം പുനരാരംഭിച്ചത്. ശേഷം ഉംറ നിർവഹിക്കുന്നതിന് ഇറാൻ തീർഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യ നീക്കിയിരുന്നു. എന്നാൽ ടെഹ്റാൻ ‘സാങ്കേതിക പ്രശ്നങ്ങൾ’ എന്ന് പറഞ്ഞ് ഉംറ തീർഥാടകരുടെ വിമാന യാത്ര ഇതുവരെ മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.