മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ആദ്യ തീർഥാടക സംഘം പുണ്യഭൂമിയിലെത്തി. കരിപ്പൂരിൽ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ തീർഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു.
ജിദ്ദയിൽ നിന്നും ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർഥാടകർക്ക് ഊഷ്‌മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും നൂറു കണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയും ഓരോ ഹാജിയെയും പുണ്യഭൂമിയിൽ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകൾക്ക് കീഴിൽ നൂറു കണക്കിന് മലയാളി സന്നദ്ധ വളണ്ടിയർമാർ പുലർച്ചെ തന്നെ ആദ്യ സംഘത്തെ സ്വീകരിക്കാൻ താമസ കേന്ദ്രത്തിൽ എത്തിയിരുന്നു.
മക്ക അസീസിയിലെ മഹത്വത്തിൽ ബങ്കിലെ കെട്ടിട നമ്പർ 182 ലാണ് ആദ്യമെത്തിയ 166 തീർഥാടകർക്കും താമസസൗകര്യം ഒരുക്കിയിരുന്നത്. യാത്ര കഴിഞ്ഞെത്തിയ തീർഥാടകർക്ക് ഹജ്ജ് സർവിസ് കമ്പനി ഭക്ഷണം വിതരണം ചെയ്തിരുന്നു. കൂടാതെ മലയാളി സന്നദ്ധ പ്രവർത്തകരും ഹാജിമാർക്ക് ഭക്ഷണം നൽകി. വിശ്രമത്തിന് ശേഷം നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളണ്ടിയർമാർക്കൊപ്പം ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സിൽ തീർഥാടകരെ മസ്ജിദ് ഹറാമിലേക്ക് ഉംറക്കായി കൊണ്ടുപോകും.
അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണത്തിൽ ഹാജിമാർ പൂർണ്ണ തൃപ്തരും സന്തോഷവാന്മാരുമായിരുന്നു. കരിപ്പൂരിൽ നിന്നും ഇന്ന് രണ്ട് വിമാനങ്ങൾ കൂടി തീർഥാടകരുമായി ജിദ്ദയിലെത്തും. രാവിലെ ഇന്ത്യൻ സമയം എട്ടിനും വൈകീട്ട് മൂന്നിനുമാണ് മറ്റു രണ്ടു സർവിസുകൾ. 498 ഹാജിമാരാണ് ആദ്യ ദിനം മക്കയിലെത്തുന്നത്. മേയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും ഹാജിമാരുടെ വരവ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.