ജിദ്ദ: സൗദി അറേബ്യയും തായ്‌ലൻഡും നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ച ശേഷമുള്ള ആദ്യ ഉംറ തീർഥാടകരുടെ സംഘമെത്തി. 32 വർഷത്തെ ഇടവേളക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം പൂർണമായി പുനസ്ഥാപിക്കപ്പെട്ടത് ഈ വർഷം ജനുവരി 25, 26 തീയതികിൽ തായ്ലൻഡ് പ്രധാനമന്ത്രി നടത്തിയ സൗദി സന്ദർശനത്തോടെയാണ്.
അതിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സർവിസ് പുനരാരംഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇതോടെ ഉംറ സർവിസിനും തുടക്കമായി. അതിൻപ്രകാരമുള്ള ആദ്യ തീർഥാടക സംഘമാണ് വ്യാഴാഴ്ച രാവിലെ സൗദി എയർലൈൻസിൽ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയത്. തീർഥാടകരെ ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവള അധികൃതരും റോസാപ്പൂക്കൾ നൽകി വരവേറ്റു. തായ്ലൻഡിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകരെ സ്വീകരിക്കുകയും അവർക്ക് വേണ്ട സേവനം നൽകുകയും ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
സൗദി അറേബ്യയും തായ്‌ലൻഡും തമ്മിലുള്ള നയതന്ത്രബന്ധം പൂർണമായി പുനഃസ്ഥാപിച്ചതിന്‍റെ ഫലമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകളുടെ പുനരാരംഭമെന്നും അത് ഹജ്ജ്, ഉംറ തീർഥാടകർക്ക് നേരിട്ട് സൗദിയിലെത്തിച്ചേരാൻ സഹായമാകുകയാണെന്നും ഹജ്ജ് ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു. തീർഥാടകർ മദീനയിലേക്കാണ് ആദ്യം പോകുക. അവിടെ കുറച്ച് ദിവസങ്ങൾ ചെലവഴിച്ച ശേഷം ഉംറ നിർവഹിക്കാൻ മക്കയിലേക്ക് തിരിക്കും. ഹോട്ടൽ, ഗതാഗത, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.