റിയാദ്: ഖുർആൻ അനുശാസിക്കുന്ന രീതിയിൽ റമദാനിൽ ഫിത്ർ സകാത് ശേഖരണത്തിനും വിതരണത്തിനും സൗദി അറേബ്യയിലെ വിവിധ ചാരിറ്റി സംഘടനകളുമായി കൈകോർത്ത് ലുലു ഹൈപ്പർ മാർക്കറ്റ്. വിശ്വാസികളിൽനിന്ന് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും ശേഖരിച്ച് അർഹർക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.
റിയാദിൽ മസായി, ഖുതോഫ്, ജിദ്ദയിൽ അൽഫൈസലിയ ചാരിറ്റി, കിഴക്കൻ പ്രവിശ്യയിൽ ആൽബർ അസോസിയേഷൻ എന്നീ സംഘടനകളുമായാണ് സഹകരിക്കുന്നത്. ഈദുൽ ഫിത്ർ ദിനത്തിൽ ജനങ്ങൾക്ക് അവരുടെ വിഹിതമായ അരിയും മറ്റും സംഭാവന ചെയ്യാൻ ലുലു റിയാദിലും ജിദ്ദയിലും സംഭരണ കേന്ദ്രം ഒരുക്കി. ഇവിടെ നിന്ന് അതത് ചാരിറ്റി സംഘടനകൾ ഇവ അർഹർക്ക് എത്തിക്കും.
കിഴക്കൻ പ്രവിശ്യയിൽ ഉപഭോക്താക്കൾക്ക് ഫിത്ർ സകാത് വിഹിതമായി 21 റിയാൽ കാഷ് കൗണ്ടർ വഴിയോ ഓൺലൈനായോ സകാത് ശേഖരണ പദ്ധതിയുടെ അക്കൗണ്ടിലേക്ക് നൽകാം.
ഈ തുക ധാന്യങ്ങളാക്കി ആൽബർ അസോസിയേഷൻ അർഹതപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യും. 'പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. വിശുദ്ധ മാസത്തിന്റെ ആദ്യ ദിവസം മുതൽ സംഭാവന സ്വീകരിച്ചു തുടങ്ങി. ഏവർക്കും സൗകര്യപ്രദമായ രീതിയിൽ സുതാര്യമായ സംവിധാനമാണ് സജ്ജീകരിച്ചത്. ഈദ് അൽ ഫിത്ർ രാത്രി വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് റമദാൻ ബോക്സും ഇഫ്താർ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. നോമ്പിന് ശേഷമുള്ള അവശ്യവസ്തുക്കളുടെ പാക്കുകളാണ് ഇഫ്താർ ബോക്സ്. 15 മുതൽ 99 വരെ റിയാലിന് വാങ്ങാം.
ഇത് മറ്റുള്ളവർക്ക് സംഭാവന ചെയ്യാനും സൗകര്യമുണ്ട്. ഹൈപ്പർ മാർക്കറ്റ് കാഷ് കൗണ്ടറുകൾ വഴിയും സൗദി ഫുഡ് ബാങ്ക് വഴിയും സംഭാവന സ്വീകരിക്കും. ഇത് പിന്നീട് ആവശ്യക്കാർക്കും ചാരിറ്റി സംഘടനകൾക്കും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.