ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ അഞ്ച് പ്രകൃതിവാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
രാജ്യത്തെ മധ്യമേഖല, തെക്കൻ മേഖലയായ റുബ്അ് ഖാലി (വിജന മരുഭൂമി), വടക്കൻ അതിർത്തിമേഖല, കിഴക്കൻമേഖല എന്നിവിടങ്ങളിലാണ് പുതിയ പ്രകൃതിവാതക പാടങ്ങൾ കണ്ടെത്തിയത്. റിയാദ് നഗരത്തിൽനിന്ന് 180 കിലോമീറ്റർ തെക്കുകിഴക്കായി മധ്യപ്രവിശ്യയിലുൾപ്പെട്ട ഭാഗത്താണ് പ്രകൃതിവാതകത്തിന്റെ 'ഷുദൂൻ' പാടം കണ്ടെത്തിയത്. മറ്റൊന്ന് റുബ്അ് ഖാലി മേഖലയിൽ ശൈബ പാടത്തുനിന്ന് 70 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 'ശഹാബ്' പ്രകൃതിവാതക പാടമാണ്. റുബ്അ് ഖാലി മേഖലയിൽതന്നെ ശൈബ ഫീൽഡിന് 120 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 'അൽശുർഫ' എന്നൊരു പ്രകൃതിവാതക പാടവും കണ്ടെത്തിയിട്ടുണ്ട്.
വടക്കൻ അതിർത്തി മേഖലയിൽ അറാർ നഗരത്തിൽനിന്ന് 71 കിലോമീറ്റർ തെക്കുകിഴക്കായി ഉമ്മു ഖൻസർ എന്ന പാരമ്പര്യേതര പ്രകൃതിവാതക പാടവും കിഴക്കൻ മേഖലയിൽ ഖവാർ പാടത്തിന് തെക്ക്, ദഹ്റാനിൽനിന്ന് 211 കിലോമീറ്റർ തെക്കുപടിഞ്ഞാറായി പാരമ്പര്യേതര പ്രകൃതിവാതകത്തിന്റെ 'സാമ്ന' എന്നൊരു പാടവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന് സമൃദ്ധമായ ഇത്രയും അനുഗ്രഹങ്ങൾ നൽകിയ ദൈവത്തിന് നന്ദി പറഞ്ഞാണ് പുതിയ പ്രകൃതി വാതകങ്ങളെക്കുറിച്ച് വിവരണം ഊർജമന്ത്രി അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.