ദമ്മാം: കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് മിഷനും അവരെ കൊള്ളയടിക്കുന്നു. മിഷെൻറ മൂന്നാം ഘട്ടത്തിലെ വിമാനങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ ഇരട്ടി ചാർജ് കൊടുക്കണം. ആദ്യ ഘട്ടത്തിൽ 950 റിയാലിന് നൽകിയ ടിക്കറ്റുകൾക്ക് മൂന്നാം ഘട്ടമെത്തിയപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ ഇൗടാക്കുന്നത് 1700ൽ കൂടുതൽ റിയാൽ. ദമ്മാമിൽനിന്ന് കണ്ണൂരിലേക്ക് 1773 റിയാലാണ് നിരക്ക്. കൊച്ചിയിലേക്ക് 1170 റിയാലും. കേന്ദ്ര സർക്കാറിെൻറ പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് സൗദിയിലെ എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. ഈ നിരക്കിൽ ടിക്കറ്റ് ആവശ്യമില്ലെങ്കിൽ മറ്റുള്ളവർ എടുത്തോളും, ശല്യം ചെയ്യാതെ മാറിനിൽക്കൂ എന്നാണ് നിരക്കുവർധന ചോദ്യം ചെയ്തവരോട് എയർ ഇന്ത്യ ജീവനക്കാരുടെ പ്രതികരണം. സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുകയും സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമാവുകയും ചെയ്യുന്നതോടെ ഗർഭിണികളായ ഭാര്യമാരെയോ പ്രായമായ മാതാപിതാക്കളെയോ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന പാവങ്ങളെയും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെയുമാണ് ഇത്തരത്തിൽ പിഴിയുന്നത്.
പ്രവാസി ഒരുതരത്തിലും കരുണ അർഹിക്കുന്നില്ല എന്നാവർത്തിച്ച് പ്രഖ്യാപിക്കുന്ന നടപടികൂടിയാണ് ഇതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. സീസൺ കാലത്ത് സ്വകാര്യ വിമാനക്കമ്പനികൾ പോലും ഇത്തരത്തിൽ പ്രവാസികളെ പിഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഒരു ഭരണകൂടവും രാജ്യത്തെ സ്വന്തം വിമാനക്കമ്പനിയും ചേർന്ന് ഇത്തരമൊരു പ്രതികൂല ഘട്ടത്തിൽ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്നത്. രാവിലെ സുഹൃത്തിനെ സഹായിക്കാൻ ടിക്കറ്റെടുക്കാൻ എത്തിയപ്പോഴാണ് നിരക്ക് ഇരട്ടിയായ വിവരമറിയുന്നതെന്ന് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ് പറഞ്ഞു. വിശദ വിരമറിയാൻ എയർ ഇന്ത്യ അധികൃതരെ സമീപിച്ചപ്പോൾ പുച്ഛത്തോടെയുള്ള മറുപടിയാണുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ അനുവദിച്ചതും ചില ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചതും പ്രവാസികളിൽ പ്രതീക്ഷ പടർത്തിയിരുന്നു. ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
വിമാനം പറത്തുന്നതിനുള്ള ചെലവുകൾ കണക്കുകൂട്ടിയുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നൽകുന്ന നിർദേശാനുസരണം ന്യൂഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനത്താണ് നിരക്കുകൾ നിശ്ചയിക്കുന്നതെന്ന് ദമ്മാമിലെ എയർ ഇന്ത്യ മാനേജർ വിനോദ് കുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, പുതിയ നിരക്കിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധവും സങ്കടവും പുകയുകയാണ്. എല്ലാ ഘട്ടത്തിലും പ്രവാസികളെ അവഗണിക്കുന്ന അധികൃതരുടെ നിലപാടുകൾക്കെതിരെ പ്രവാസികൾ ഒന്നിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.