ജിദ്ദ: റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാന സർവിസ് തുടങ്ങി. റിയാദിൽ നിന്നെത്തിയ സൗദി എയർലൈൻസ് വിമാനമാണ് വിമാനത്താവളത്തിലെ പുതിയ റൺവേയിൽ വ്യാഴാഴ്ച രാവിലെ ഇറങ്ങിയത്. റെഡ്സീ വിമാനത്താവളത്തിൽ ഇറങ്ങുന്ന ആദ്യ വിമാനമാണിത്. ഇതോടെ സൗദി എയർലൈൻസിന്റെ വിമാന ഷെഡ്യൂളിലേക്ക് പുതിയൊരു ലക്ഷ്യസ്ഥാനം കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. അടുത്തിടെയാണ് സൗദി എയർലൈൻസും റെഡ് സീ വിമാനത്താവള ഓപറേറ്റിങ് കമ്പനിയും തമ്മിൽ റെഡ് സീ വിമാനത്താവളത്തിലേക്ക് വിമാന സർവിസുകൾ ആരംഭിക്കുന്നതിനുള്ള ധാരണയിൽ ഒപ്പിട്ടത്.
വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു സർവിസുകളാണ് നിലവിലുണ്ടാകുക. അതേ ദിവസംതന്നെ റിയാദിലേക്ക് മടങ്ങും. റിയാദിൽനിന്ന് റെഡ് സീ വിമാനത്താവളത്തിലേക്കുള്ള യാത്രക്ക് രണ്ടു മണിക്കൂറിൽ താഴെ സമയമെടുക്കും. വ്യാഴാഴ്ചത്തെ വിമാനം റിയാദിൽനിന്ന് രാവിലെ 10.50ന് പുറപ്പെട്ട് ഉച്ചക്ക് 1.35ന് മടങ്ങും. ശനിയാഴ്ചത്തെ വിമാനം ഉച്ചക്ക് 12.50ന് റിയാദിൽനിന്ന് പുറപ്പെടും.
തുടർന്ന് അതേ ദിവസം 15.35ന് മടങ്ങും. അടുത്ത വർഷം മുതൽ റെഡ്സീ വിമാനത്താവളം അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കും. ഇതിനായുള്ള വിപുലീകരണ പ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ നടന്നുവരുകയാണ്. പ്രദേശത്ത് കൂടുതൽ റിസോർട്ടുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സൗദിയുടെ വടക്കുപടിഞ്ഞാറ് ഉംലജ്, അൽവജ്ഹ് മേഖലകൾക്കിടയിൽ ചെങ്കടൽ തീരത്ത് നടപ്പാക്കിവരുന്ന ഭീമൻ ടൂറിസം വികസന പദ്ധതിക്ക് കീഴിലാണ് റെഡ് സീ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.