ജുബൈൽ: മഴ ശക്തി പ്രാപിക്കുന്നതിനാൽ താഴ്‌വരകളിലും ചതുപ്പുനിലങ്ങളിലും രൂപപ്പെടുന്ന വെള്ളപ്പൊക്കത്തിൽ വിഷജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്. ഇത്തരം വെള്ളക്കെട്ടുകളുണ്ടാവുന്ന പ്രദേശങ്ങളിൽ പ്രവേശിക്കരുത്. ജീവന് ഭീഷണിയാകുന്ന മാരക വിഷമുള്ള പാമ്പ് ഉൾപ്പടെയുള്ള ജീവികൾ ഒഴുകിയെത്താൻ സാധ്യതയുണ്ട്.
വെള്ളകെട്ടുകളെ സമീപിക്കുകയോ അവയിൽ നീന്തുകയോ ചെയ്യരുത്. മഴ കനത്തതോടെ ചതുപ്പുകളിലും താഴ്വരകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഡാമുകളിൽ വെള്ളം കൂടുന്നതോടെ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്.
താഴ്വരകളിൽ തോടുകളും ചെറു നദികളും നിറഞ്ഞൊഴുകുകയാണ്. പൊതുജനങ്ങൾ ഇവയിൽ ഇറങ്ങുന്നതും നീന്തുന്നതും അപകടമാണ്. സൗദിയുടെ തെക്കൻ പ്രദേശമായ നജ്‌റാൻ മേഖലയിലെ താർ, ഹബോന ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് കുട്ടികളും ഒരു യുവാവും മുങ്ങിമരിച്ചിരുന്നു. താർ ഗവർണറേറ്റിലെ അൽ-റഹ്ബ ഗ്രാമത്തിലെ ചതുപ്പിലുണ്ടായ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെയാണ് മൂന്ന് കുട്ടികളുടെ ജീവൻ നഷ്ടമായത്.
ഹബോന ഗവർണറേറ്റിലെ അർകൻ താഴ്വരയിൽ കുളിക്കാനിറങ്ങിയ യുവാവാണ് മരിച്ച മറ്റൊരാൾ. ഇവരുടെ മൃതദേഹങ്ങളെല്ലാം പുറത്തെടുത്തതായും സിവിൽ ഡിഫൻസ് വക്താവ് മേജർ അബ്ദുൽ ഖാലിഖ് അൽ ഖഹ്താനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.