റിയാദ്: രണ്ടുദിവസം നീണ്ട ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിൽ അടിപൊളി വൈബ് സമ്മാനിക്കാൻ സെലിബ്രിറ്റി അവതാരകനായ ‘കല്ലുവും’ (രാജ് കലേഷ്) എത്തിയിരുന്നു. ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായ ഇന്ത്യൻ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തിയ ‘ടേസ്റ്റി ഇന്ത്യ’ ഫുഡ് കാർണിവൽ ഏരിയയെ അവിടെ കലോത്സവ വേദിയൊരുക്കി ആരവമുയർത്തി സജീവമാക്കിയത് രാജ് കലേഷായിരുന്നു.
റിയാദിലെ പ്രവാസി ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ ‘സിങ് ആൻഡ് വിൻ’ മത്സരങ്ങളുടെ അവതാരകനായി വേദിയിൽ നിറഞ്ഞ കലേഷ് കാണികൾക്കായി ബ്രത്ത്ലെസ് ഹമ്മിങ് മത്സരവും മാജിക്കും അവതരിപ്പിച്ചു.
ബ്രത്ത്ലെസ് ഹമ്മിങ് മത്സരത്തിൽ വിജയിച്ച പരിണിത അങ്കാദി (കർണാടക), അജ്മൽ (കേരളം) എന്നിവർ അൽഹുമൈദി ഗ്രൂപ്പിന്റെ ലക്ഷ്വറി റിസ്റ്റ് വാച്ച് സമ്മാനമായി കരസ്ഥമാക്കി.
സൽമാൻ അലി സംഗീത നിശയായ ‘താൽ’ അരങ്ങേറിയ ആദ്യദിവസം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യക്കാരായ കാണികളെ സാക്ഷിയാക്കി നടന്ന സിങ് ആൻഡ് വിൻ മത്സരത്തിൽ കർണാടക സ്വദേശി സെയിൻ ഷരീഫ് ഒന്നാം സ്ഥാനവും മധ്യപ്രദേശ് സ്വദേശി മുഹമ്മദ് അബ്റാർ ഖാൻ രണ്ടാം സ്ഥാനവും ഉത്തർപ്രദേശ് സ്വദേശി സിയാൻ ഷാഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലക്ഷ്മി ഷിറിൻ ഈ പരിപാടിയിൽ അവതാരകയായി. കുഞ്ചാക്കോ ബോബൻ നയിച്ച ‘വൈബ്സ് ഓഫ് കേരള’ അരങ്ങേറിയ സമാപനദിനത്തിൽ റിയാദിലെ മലയാളി ഗായക പ്രതിഭകളുടെ വാശിയേറിയ മാറ്റുരക്കലാണ് ‘സിങ് ആൻഡ് വിൻ’ വേദിയിൽ നടന്നത്.
പെരുമ്പാവൂർ സ്വദേശിയും പ്രവാസി ക്രിക്കറ്റ് ക്ലബ് അംഗവുമായ രഞ്ജിത്ത് ചന്ദ്രൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഷിസ സുൽഫിക്കർ, അക്ഷയ് സുധീർ എന്നിവർ നേടിയപ്പോൾ അനന്തു മോഹൻ, സലിം ചാലിയം എന്നിവർ സ്പെഷൽ ജൂറി അവാർഡിന് അർഹരായി. അൽ ഹൊമൈദി ഗ്രൂപ്, ഹോട്പാക്ക് എന്നിവരുടെ പേരിലുള്ള പ്രശംസാഫലകവും സമ്മാനങ്ങളും വിജയികൾക്ക് ഗൾഫ് മാധ്യമം ഡയറക്ടർ സലീം അമ്പലൻ സമ്മാനിച്ചു.
ഹിബ അബ്ദുൽ സലാം, അമീർ അഹ്മദ്, ഷിജു കോട്ടങ്ങൽ എന്നിവർ സിങ് ആൻഡ് വിൻ വിധികർത്താക്കളായിരുന്നു. പരിപാടികൾക്ക് അബ്ഹുറഹ്മാൻ (മൗണ്ടു), ഉമർ ഫാറൂഖ് ശാന്തപുരം, സൈനുൽ ആബിദ്, അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.