ലോകകപ്പ് ഫുട്ബാൾ 2030: ആതിഥേയത്വത്തിനായി സൗദി, ഈജിപ്ത്, ഗ്രീസ് സംയുക്ത ശ്രമം

ജിദ്ദ: ലോകകപ്പ് ഫുട്ബാൾ 2030ന്റെ ആതിഥേയത്വത്തിനായി സൗദി അറേബ്യ, ഈജിപ്ത്, ഗ്രീസ് രാജ്യങ്ങളുടെ യോജിച്ച ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഈജിപ്ഷ്യൻ കായിക മന്ത്രാലയം വക്താവ് മുഹമ്മദ് ഫൗസി ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2030 ലോകകപ്പ് സംഘടിപ്പിക്കാനുള്ള സംയുക്ത സാധ്യത മൂന്ന് രാജ്യങ്ങളും തമ്മിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കായികമേള സംഘടിപ്പിക്കാൻ ഈജിപ്ത് മികച്ച രാജ്യങ്ങളിലൊന്നാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈജിപ്തിൽ നിരവധി ലോക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ ക്ലബ് ഫുട്ബാൾ, വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾ വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യയിലും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സംയുക്ത ബിഡിനെക്കുറിച്ച് മൂന്നു രാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഗ്രീസിലെ ഹെല്ലനിക് ഫുട്ബാൾ ഫെഡറേഷനും സ്ഥിരീകരിച്ചു. ശ്രമം വിജയിക്കുകയാണെങ്കിൽ മൂന്ന് രാജ്യങ്ങളിലെയും കടുത്ത താപനില സീസൺ ഒഴിവാക്കി ശൈത്യകാലത്ത് ലോകകപ്പ് നടത്താനാവുമെന്ന് ബ്രിട്ടീഷ് പത്രമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈജിപ്ത്, ഗ്രീസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡിന് പുറമെ മറ്റു രാജ്യങ്ങളിൽനിന്നുള്ള ശ്രമവും മറുവശത്ത് നടക്കുന്നുണ്ട്. അർജന്റീന, ചിലി, പരഗ്വേ, ഉറുഗ്വായ് എന്നിവർ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഈ വർഷം ആഗസ്റ്റ് ആദ്യ വാരത്തിൽ ആരംഭിച്ചപ്പോൾ സ്‌പെയിനും പോർച്ചുഗലും തമ്മിലുള്ള സംയുക്ത ശ്രമം കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. 100 വർഷം മുമ്പ് ആദ്യ ടൈറ്റിൽ മത്സരം നടന്ന മോണ്ടെവീഡിയോയിലെ അതേ സെന്റനാരിയോ സ്റ്റേഡിയത്തിൽ 2030 ഫുട്ബാൾ ഫൈനൽ നടത്താനുള്ള ശ്രമവുമായി തെക്കേ അമേരിക്കയും രംഗത്തുണ്ട്. 

Tags:    
News Summary - Football World Cup 2030: Saudi Arabia, Egypt, Greece join forces to host

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.