ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് ഉടൻ ആരംഭിക്കാനിരിക്കെ മക്കയിലെ മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ സജീവം. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് തീർഥാടകരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങളാണ് ഇരുഹറം കാര്യാലയത്തിനു കീഴിൽ പുരോഗമിക്കുന്നത്.
ആഗസ്റ്റ് 10 മുതലാണ് വിദേശ രാജ്യങ്ങളിൽനിന്ന് ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുക. ഹറമിനകത്തും മുറ്റങ്ങളിലും മുഴുസമയ ശുചീകരണത്തിനും അണുമുക്തമാക്കുന്നതിനും സുഗന്ധദ്രവ്യങ്ങൾ പൂശുന്നതിനും 4000ത്തിലധികം ആളുകളെയാണ് ഒരുക്കിയിരിക്കുന്നത്. ദിവസം പത്ത് തവണ ശുചീകരണ ജോലികൾ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായതും മികച്ച നിലവാരത്തിലുള്ളതുമായ അണുനാശിനികളാണ് ഉപയോഗിക്കുക. ശുചീകരണ ജോലികൾക്കും അണുമുക്തമാക്കുന്നതിനും ഏകദേശം 470 ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷക്ക് വേണ്ട മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിന് മുഴുസമയം പ്രവർത്തിക്കുന്ന ഫീൽഡ് സംഘങ്ങളുണ്ടാകും. നമസ്കാരത്തിനുമുമ്പും ശേഷവും നമസ്കാരത്തിനും വുദുവിനുമുള്ള സ്ഥലങ്ങൾ അണുമുക്തമാക്കുന്ന ജോലികൾ ഇരട്ടിയാക്കും. ഹറമിലെ നിലകളും ബാരിക്കേഡുകളും പിടികളും അണുമുക്തമാക്കുന്നതിന് 550 ലധികം ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹറമിെൻറ വിവിധ ഭാഗങ്ങളിൽ 500ഒാളം ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. അണുമുക്തമാക്കുന്നതിന് 11 സ്മാർട്ട് റോബോട്ടുകളും 20 ബയോകെയർ ഉപകരണങ്ങളുമുണ്ട്. കൂടാതെ മാർഗ നിർദേശങ്ങൾ നൽകുന്നതിനും ബോധവത്കരണത്തിനും വേണ്ട സംവിധാനങ്ങൾ ഒരുക്കുകയും ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.