ജിദ്ദ: ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത ഐ.എന്‍.എല്‍ സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട നടപടി അപലപനീയവും ധിക്കാരവുമാണെന്ന് സൗദി ഐ.എം.സി.സി. പാർട്ടിയിൽ രൂപപ്പെട്ട ഗ്രൂപ്പിസത്തിന് കാലങ്ങളായി ആശീർവാദം നൽകി പാർട്ടിയെ തൽപരരുടെ കൈകളിൽ ഏൽപിക്കാനുള്ള കഠിനാധ്വാനം പ്രഫ. മുഹമ്മദ് സുലൈമാന്‍ തുടങ്ങിയിട്ട് വർഷങ്ങളായി. മഹാനായ മെഹബൂബ് മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് ഇരുന്ന സീറ്റിൽ ഇരുന്നാണ് ഇത്തരം അധാർമിക പ്രവർത്തനങ്ങൾക്കു അദ്ദേഹം നേതൃത്വം നൽകുന്നത്. ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകൾ രൂപപ്പെട്ടുവരുമ്പോഴെല്ലാം അസ്വസ്ഥനാവുന്ന മുഹമ്മദ് സുലൈമാന്‍ എല്ലാ മാന്യതകളും കാറ്റിൽപറത്തി ദേശീയ സമിതി എന്ന പേരിൽ ഓൺലൈനിൽ ചേർന്ന ഒന്നര മണിക്കൂർ മീറ്റിങ്ങിലൂടെ കേരളത്തിലെ പാർട്ടി സംവിധാനങ്ങൾ മുഴുവൻ തന്റെ താൽപര്യക്കാരുടെ പ്രീതിക്കുവേണ്ടി പിരിച്ചുവിട്ടുകൊണ്ട് ഈ പ്രസ്ഥാനത്തിന്റെ മഹിതമായ ഒരു രാഷ്ട്രീയ സംസ്കാരത്തെയാണ് പിച്ചിച്ചീന്തിയത്.
പാർട്ടി ഭരണഘടന അനുശാസിക്കുന്ന ഒരു വ്യവസ്ഥയും പാലിക്കാതെ ഒരു ടീമിനെ തട്ടിക്കൂട്ടി ദേശീയ നേതൃത്വം എന്ന വിശേഷണം നൽകി സ്വയം പ്രസിഡന്റായി കാലങ്ങളായി ഈ പ്രസ്ഥാനത്തെ എല്ലായ്പോഴും പ്രതിസന്ധിയിലാക്കി മറ്റാർക്കോ കൊടുത്ത വാക്ക് നിറവേറ്റാനുള്ള ശ്രമമാണ് ഇത്തരം തരംതാണ ഇടപെടലിലൂടെ അദ്ദേഹം നടത്തുന്നത്. ഏറ്റവും മുസ്ലിം പ്രാതിനിധ്യമുള്ള സ്വന്തം തട്ടകത്തിൽനിന്ന് മൂന്നു ദശാബ്ദത്തിനിടയിൽ ഒരു പഞ്ചായത്ത് അംഗത്തെപ്പോലും സൃഷ്ടിക്കാൻ കഴിയാത്ത വ്യക്തി സംഘടന സംവിധാനമുള്ളയിടത്തെല്ലാം മറ്റാരുടെയോ അജണ്ട നിറവേറ്റുന്ന രീതി കുറെക്കാലങ്ങളിലായി തുടരുകയാണ്. വളരെ നല്ല സംഘടന സംവിധാനമുണ്ടായിരുന്ന തമിഴ്നാട്ടിലെ നാശം പൂർത്തീകരിച്ചതിന്റെ ശേഷം ഇപ്പോൾ അദ്ദേഹം കേരള സംവിധാനത്തെയും നശിപ്പിക്കുകയാണ്. ഇതിനെതിരെ പാർട്ടി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിനു പിന്നിൽ അണിനിരക്കും. വഹാബിന്റെ തുടർനീക്കങ്ങൾക്കു സൗദി ഐ.എം.സി.സി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സൗദി ഐ.എം.സി.സി പ്രസ്താവനയിൽ അറിയിച്ചു. സൗദി നാഷനൽ പ്രസിഡന്റ് എ.എം. അബ്ദുല്ലക്കുട്ടി, സയ്യിദ് ഷാഹുൽ ഹമീദ് (ജി.സി.സി ട്രഷറർ), നാസർ കുറുമാത്തൂർ (സൗദി നാഷനൽ ട്രഷറർ), മുഫീദ് കൂരിയാടൻ (ഓർഗ. സെക്ര.), വൈസ് പ്രസിഡന്റുമാരായ എൻ.കെ. ബഷീർ, അബ്ദുൽ റഹിമാൻ ഹാജി അബഹ, കരീം മൗലവി കട്ടിപ്പാറ, മൻസൂർ വണ്ടൂർ ജിദ്ദ, യൂനുസ് മൂന്നിയൂർ അൽഖുറയാത്ത്, അബ്ദുൽ കരീം പയമ്പ്ര, നൗഷാദ് മാര്യാട് മക്ക (സെക്രട്ടറിമാർ), മൊയ്തീൻ ഹാജി തിരൂരങ്ങാടി, എ.പി. അബ്ദുൽ ഗഫൂർ (ജിദ്ദ), ഫാസിൽ (റിയാദ്), എ.പി. മുഹമ്മദ്കുട്ടി (റിയാദ്), ഒ.സി. നവാഫ് (ദമ്മാം), നജ്മുദ്ദീൻ മുക്കൻ (അൽ ഖോബാർ), അബ്ദുൽ റസാഖ് പടനിലം (ഖത്വീഫ്), ഹംസ കാട്ടിൽ (ജുബൈൽ), ഷാജി അരിമ്പ്രത്തൊടി (ജിദ്ദ) എന്നിവർ സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.