ജുബൈൽ: ദീർഘകാലം ജുബൈലിലെ സാമൂഹിക മേഖലയിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കോഴിക്കോട് വടകര സ്വദേശി എം.കെ. ജയകൃഷ്ണെൻറ ചെറുകഥ സമാഹാരം ശ്രദ്ധേയമാകുന്നു. 'അസിന്താര' മുതൽ 'താമരക്കുളം' വരെ 14 ചെറുകഥകൾ അടങ്ങിയതാണ് 'എം.കെ. ജയകൃഷ്ണെൻറ ചെറുകഥകൾ' എന്ന സമാഹാരം. ജുബൈൽ അൽവഫ പ്രിൻറിങ് കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്ന അദ്ദേഹം ഇവിടെയുണ്ടായിരുന്ന കാലയളവിലും പിന്നീട് നാട്ടിൽ പോയശേഷവും എഴുതിയ കഥകളാണ് സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രമുഖ കഥാകൃത്ത് പി.ജെ.ജെ. ആൻറണിയുടെ നേതൃത്വത്തിൽ നടന്നിരുന്ന 'പള്ളിക്കൂടം' എന്ന സാംസ്കാരിക കൂട്ടായ്മയിലെ സഹവാസമാണ് കഥാരചനയിൽ എത്തിച്ചത്. നിരവധി ചെറുകഥകളും കവിതകളും മാധ്യമം ഉൾപ്പെടെ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വന്നു. മനുഷ്യെൻറ ജീവിതസംഘർഷങ്ങളെയും സങ്കീർണതകളേയും അതിഭാവുകത്വം കലരാതെ ആവിഷ്കരിക്കുന്നവയാണ് കഥകളെല്ലാം.
അന്ധവിശ്വാസങ്ങൾക്കെതിരെ ആക്ഷേപ ഹാസ്യത്തിലൂടെ അദ്ദേഹം നടത്തുന്ന ചുവടുവെപ്പുകൾ എം.കെ. ജയകൃഷ്ണെൻറ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്നു. ചെറുകഥ സമാഹാരത്തിന് പി.ജെ.ജെ. ആൻറണിയാണ് അവതാരിക എഴുതിയിരിക്കുന്നത്. പ്രമുഖ ചിത്രകാരൻ മദനൻ വരച്ച മനോഹര ചിത്രങ്ങൾ എല്ലാ കഥകളോടുമൊപ്പം ചേർത്തത് പുസ്തകത്തിന് ചാരുത പകർന്നിട്ടുണ്ട്. സൗദി അറേബ്യയിൽ നടന്ന പല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. ചിത്രരചനയായിരുന്നു ജയകൃഷ്ണെൻറ മറ്റൊരു മേഖല. പാരമ്പര്യവും ആധുനികവുമായ ചിത്രങ്ങളെ സമന്വയിപ്പിക്കുന്നതായിരുന്നു രചനാരീതി. ചിത്രകലയിൽ ഡിപ്ലോമയും ഊർജതന്ത്രത്തിൽ ബിരുദവും നേടിയിട്ടുള്ള ജയകൃഷ്ണെൻറ കലാസൃഷ്ടികൾ ജുബൈലിൽ നടന്ന വിവിധ സംഘടനകളുടെ സാഹിത്യോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
നല്ലൊരു പ്രഭാഷകൻകൂടിയായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനലിെൻറ ഡിസ്റ്റിങുഷ്ഡ് പദവി നേടിയിട്ടുണ്ട്. 2018ൽ ഭാര്യ ലസിതയുടെ ആകസ്മിക വിയോഗത്തെ തുടർന്ന് നാട്ടിൽ പോയ ജയകൃഷ്ണൻ പിന്നീട് മടങ്ങിവന്നില്ല. എങ്കിലും ജുബൈലിൽ നടക്കുന്ന ഒട്ടുമിക്ക സാഹിത്യ സാംസ്‌കാരിക പരിപാടികളിലും നാട്ടിൽനിന്ന് അദ്ദേഹം പങ്കെടുക്കാറുണ്ട്.
മക്കൾ: ഭാഗ്യ (ദുബൈ), ഭരത് കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.