ജിദ്ദ: രണ്ട് പതിറ്റാണ്ടുകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന കവിയും വാഗ്മിയും എഴുത്തുകാരനും കലാ, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഉസ്മാൻ പാണ്ടിക്കാട് (64) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. അതിനിടെ വീട്ടില്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. വെൽഫയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രസിഡന്റായിരുന്നു.
21 വർഷക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം 2019 ഫെബ്രുവരിയിലാണ് പ്രവാസം മതിയാക്കി മടങ്ങിയത്. ജിദ്ദയിൽ തനിമ സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ എക്‌സിക്യുട്ടീവ് അംഗം, മലര്‍വാടി, പഠനവേദി കോര്‍ഡിനേറ്റര്‍, പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ്പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജിദ്ദയിലെ വിവിധ കലാവേദികളിലും ഇദ്ദേഹം നിറസാന്നിധ്യമായിരുന്നു.
ഗാനരംഗത്ത് തിളങ്ങിനിന്നിരുന്ന ഇദ്ദേഹത്തിന്റെ രചനയിൽ പിറന്ന 'ആയിരം കാതങ്ങളിക്കരെ... ഇങ്ങറേബ്യ നാട്ടിൽ' എന്ന ഗാനം പഴയകാലത്ത് ഏറെ ഹിറ്റ് ആയിരുന്നു. വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ക്ക് ഗാനങ്ങളും നാടകങ്ങളും എഴുതിയിരുന്നു.
ഭാര്യ: സുഹറ, മക്കൾ: മെഹർ ഷഹിസ്ത, സർത്താജ, ഷഫ്ത്തർഷാൻ, ദീന. ജനാസ നമസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാണ്ടിക്കാട് മരാട്ടപ്പടി ദാറുസ്സലാം മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.