ജിദ്ദ: ജിദ്ദയിലെ ഫുട്‍ബാൾ അക്കാദമിയായ സ്പോർട്ടിങ് യുനൈറ്റഡിലൂടെ പരിശീലിച്ചു വളർന്നുവന്ന ഫുട്ബാൾ താരം മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷാഫി കേരള സംസ്ഥാന ഫുട്‍ബാൾ ടീമിൽ ഇടം നേടി. മധ്യപ്രദേശിലെ ഭോപാലിൽ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് ഫുട്ബാൾ ടൂർണമെന്റിൽ കർണാടകയെ തോൽപിച്ചു കിരീടം ചൂടിയ കേരള സംസ്ഥാന ഫുട്‍ബാൾ ടീമിലാണ് മുഹമ്മദ് ഷാഫി കളിച്ചത്. ജിദ്ദയിൽ ജനിച്ച ഷാഫി പത്താം ക്ലാസുവരെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. തുടർപഠനത്തിനായി 2021ലാണ് നാട്ടിലേക്ക് മടങ്ങിയത്.
500പരം കുട്ടികൾ പങ്കെടുത്ത ഓപൺ ട്രയൽസിൽ നിന്നാണ് മുഹമ്മദ് ഷാഫി അവസാന 26 അംഗ കേരള സംസ്ഥാന ടീമിൽ ഇടം കണ്ടെത്തിയത്. ടീമിൽ ഇടം നേടിയ ഏക പ്രവാസി കളിക്കാരൻ കൂടിയാണ് വർഷങ്ങളോളം ജിദ്ദയിൽ സ്പോർട്ടിങ് യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനം നേടിയിരുന്ന മുഹമ്മദ് ഷാഫി. 2020 മാർച്ചിൽ ജിദ്ദയിൽ അവസാനിച്ച സിഫ് ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലാം തവണയും കിരീടം ചൂടിയ സ്പോർട്ടിങ് യുനൈറ്റഡ് ടീം അംഗമായിരുന്നു. ജിദ്ദയിൽനിന്ന് മടങ്ങിയതിനുശേഷം കോവളം എഫ്.സിയിലും ഷാഫി പരിശീലനം നടത്തിയിരുന്നു.
അൽ രാജ്‌ഹി ഏവിയേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായ അബ്ദുൽ സത്താർ -ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാഫി.
മികച്ച പന്തടക്കവും നല്ല ഡ്രിബ്ലിങ് പാടവവുമുള്ള ഷാഫിയുടെ ഫുട്ബാളിനോടുള്ള അർപ്പണബോധം ശ്രദ്ധേയമായിരുന്നുവെന്നും ഫുട്ബാളിൽ മികച്ച ഭാവിയുള്ള കളിക്കാരനാണ് ഷാഫിയെന്നും അവന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി മികച്ച പിന്തുണ നൽകുന്ന മാതാപിതാക്കൾ പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും സ്‌പോർട്ടിങ് യുനൈറ്റഡ് ചീഫ് ഫിറ്റ്നസ് കോച്ച് കെ.സി. ബഷീർ അഭിപ്രായപ്പെട്ടു. ജിദ്ദയിൽ ഇന്ത്യൻ കുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഫുട്ബാൾ അക്കാദമിയാണ് സ്പോർട്ടിങ് യുനൈറ്റഡ്.
18 പെൺകുട്ടികളടക്കം 160ഓളം കുട്ടികൾ അഞ്ചു മുതൽ 17 വയസ്സു വരെയുള്ള കാറ്റഗറികളിൽ പരിശീലനം നടത്തുന്നു. ഫുട്ബാളിൽ മികച്ച പരിശീലനത്തോടൊപ്പം കുട്ടികളുടെ കഴിവുകൾ തെളിയിക്കാൻ പരമാവധി അവസരങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നിരവധി പ്രഫഷനൽ അക്കാദമികളുമായി സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ടീം. യുവന്റസ്, ആഴ്‌സനൽ, പി.എസ്.ജി, ലിവർപൂൾ, ജിദ്ദ പ്രോ അക്കാദമികൾ, മദീനയിലെ ഉഹ്ദ് ക്ലബ് എന്നിവർക്കെതിരെ സൗദി അറേബ്യയിലും ഗോകുലം എഫ്.സി, ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ബൈച്യുങ് ബൂട്ടിയ അക്കാദമി ഡൽഹി തുടങ്ങിയ പ്രഫഷനൽ അക്കാദമികളുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ടീം സൗഹൃദമത്സരങ്ങൾ കളിച്ചിട്ടുണ്ട്.
പെൺകുട്ടികൾക്കും പ്രത്യേകം പരിശീലനം നൽകി ടീമിനെ വളർത്തിക്കൊണ്ടുവരുന്നുണ്ട് സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.