അൽ ഖോബാർ: ‘ഗൾഫ് മാധ്യമം’ ദമ്മാമിൽ ഒരുക്കുന്ന ഒരുമയുടെ മഹോത്സവം ‘ഹാർമോണിയസ് കേരള’യിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ അൽ ഖോബാറിലും അൽ അഹ്സയിലും വിതരണത്തിന് തയാറായി. ഈ മാസം 29-ന് ദമ്മാമിലെ വിശാലമായ ആംഫി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിക്ക് പ്രാഥമിക ഒരുക്കം പൂർത്തിയായി. കഴിഞ്ഞ ദിവസം സ്റ്റേഡിയവും പരിസരവും സംഘാടകർ സന്ദർശിച്ച് വിലയിരുത്തി.
5000ലേറെ പേർക്ക് ഒരേ സമയം ഒരു തടസ്സവുമില്ലാതെ കാണാൻ കഴിയും വിധമാണ് തിയറ്റർ സജ്ജീകരിച്ചിരിക്കുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളായ ആസിഫലി, നിഖില വിമൽ എന്നിവരെ കൂടാതെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ സിതാര കൃഷ്ണകുമാറും മധു ബാലകൃഷ്ണനും മിമിക്രി താരം മഹേഷും അടങ്ങിയ കലാകാരൻമാരുടെ വലിയ നിരയാണ് എത്തുന്നത്.
റിയാലിറ്റി ഷോ താരങ്ങളായ നന്ദ, അരവിന്ദ്, ശ്രീരാഗ്, ബൽറാം, ദിഷ എന്നിവർകൂടി അണിനിരക്കുന്നതോടെ ദമ്മാമിൽ ഒരുമയുടെ മഹോത്സവം അവിസ്മരണീയാനുഭവം സമ്മാനിക്കും.
ഖോബാറിന്റെ വിവിധ ഭാഗങ്ങളായ അഖ്റബിയ, ഷമാലിയ, തുഖ്ബ, റാഖ തുടങ്ങിയ ഇടങ്ങളിലും അൽ അഹ്സയിലും ടിക്കറ്റ് വിതരണത്തിന് ഒരുക്കമായിട്ടുണ്ട്. വാരാന്ത്യങ്ങളിൽ പ്രമുഖ മാളുകളിൽ ടിക്കറ്റ് കൗണ്ടറും പ്രചാരണ പരിപാടികളും ഒരുക്കും.
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി ശ്രേണികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ വിഭാഗത്തിൽ ഒരാൾക്ക് 30 റിയാലും നാലു പേർക്ക് 100 റിയാലുമാണ് നിരക്ക്. ഗോൾഡ് വിഭാഗത്തിൽ ഒരാൾക്ക് 50 റിയാലും നാല് പേർക്ക് 150 റിയാലുമാണ് നിരക്ക്. പ്ലാറ്റിനം ടിക്കറ്റിന് ഒരാൾക്ക് 100 റിയാലും നാലു പേർക്ക് 350 റിയാലുമാണ്.
വി.ഐ.പി ടിക്കറ്റിന് ഒരാൾക്ക് 500 റിയാലും നാലുപേർക്ക് 1,500 റിയാലുമാണ് നിരക്ക്. വി.ഐ.പി ടിക്കറ്റ് കരസ്ഥമാക്കുന്നവർക്ക് ഇരിപ്പിടം ഏറ്റവും മുന്നിൽ നൽകുകയും പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. ഖോബാറിൽ ടിക്കറ്റ് വേണ്ടവർ 0535175574 എന്ന നമ്പറിലും അൽ അഹ്സയിൽ 0538214413 എന്ന നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.