റിയാദ്: മകനെ കാണാൻ ജയിലിലെത്തിയ ഉമ്മ ഫാത്തിമക്ക് അബ്ദുറഹീമിനെ നേരിട്ട് കാണാനായില്ല. 18 വർഷമായി റിയാദിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ നേരിട്ട് കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും വ്യാഴാഴ്ച രാവിലെ 10ഓടെ റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ ജയിലിൽ എത്തിയതായിരുന്നു.
ജയിൽ വാർഡന്‍റെ ഓഫീസിൽ ഏറെ നേരം കാത്തിരുന്നെങ്കിലും റഹീം ഉമ്മയെയും സഹോദരനെയും കാണാനെത്തിയില്ല. കാണാൻ വിസമ്മതിച്ചതിന്‍റെ കാരണം വ്യക്തമായിട്ടില്ല. 18 വർഷമായി കണ്ടിട്ടില്ല, കാണാനുള്ള കൊതി കൊണ്ട് വന്നതാണ്, എനിക്കെന്‍റെ മകനെ കാണണമെന്ന് ഉമ്മ കരഞ്ഞ് പറഞ്ഞപ്പോൾ ജയിലുദ്യോഗസ്ഥരുടെ ഫോൺ വഴി വീഡിയോകോളിലൂടെ റഹീം ഉമ്മയോട് സംസാരിച്ചു.
മകനെ കാണാനും ഉംറ നിർവഹിക്കാനും ഒക്ടോബർ 30-നാണ് മൂത്ത മകൻ നസീറിനും സഹോദരനുമൊപ്പം ഫാത്തിമ സൗദി അറേബ്യയിലെത്തിയത്. അബഹയിലെത്തിയ അവർ മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷമാണ് റഹീമിനെ ജയിലിൽ വന്ന് കാണാനായി റിയാദിലെത്തിയത്.
പൊതുജനങ്ങൾ സമാഹരിച്ച 34 കോടി രൂപ ദിയാധനം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവായി മോചന ഉത്തരവും കാത്തു കഴിയുകയാണ് റഹീം. ഈ മാസം 17-ന് റിയാദ് കോടതിയിൽ നടക്കുന്ന സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.