അൽ അഖ്ൽ: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ തീരപ്രദേശ പട്ടണമായ അൽ അഖ്ൽ സഞ്ചാരികളുടെ ഇഷ്ട താവളമായി മാറുന്നു. ഈജിപ്തും ജോർഡനും ഇസ്രായേലും സൗദിയുമായി അതിർത്തിപങ്കിടുന്ന മനോഹരമായ അഖബ ഉൾക്കടൽ തീരത്താണ് ഉസ്മാനിയ ഭരണകാലത്തെ പ്രധാന തുറമുഖനഗരം കൂടിയായിരുന്ന ഹഖ്ൽ സ്ഥിതി ചെയ്യുന്നത്. സൗദിയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ തബൂക്കിെൻറ പരിധിയിൽപെടുന്ന ചെറിയൊരു നഗരമാണിത്. ചെങ്കടലിെൻറ വടക്കുഭാഗം ചെന്നവസാനിക്കുന്ന മുനമ്പാണ് അഖബ.
അൽ ഹഖ്ലിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ ദൂരമാണ് ദുർറ ബോർഡറിലേക്കുള്ളത്. സൗദിയിൽനിന്ന് റോഡ് മാർഗം ജോർഡനിലേക്ക് പ്രവേശിക്കാൻ പ്രധാനമായും മൂന്ന് അതിർത്തികളാണുള്ളത്. തബൂക്കിലെ ഹാലത്ത് അമ്മാർ, അൽ ഹഖ്ലിനടുത്തുള്ള ദുർറ ബോർഡർ, അൽ ഖുറയ്യാത്തിനടുത്തുള്ള അൽ ഉമരി ബോർഡർ എന്നിവയാണത്.
നാല് രാജ്യങ്ങൾ ഒരു പ്രദേശത്തുനിന്ന് നേരിട്ട് കാണാൻ കഴിയുന്ന അപൂർവ സംഗമസ്ഥലമായ അൽ അഖ്ൽ സന്ദർശിക്കാൻ വിവിധ പ്രദേശങ്ങളിൽനിന്ന് അവധിദിനങ്ങളിലും മറ്റും ധാരാളം സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. രാത്രിവെളിച്ചത്തിൽ നാലു രാജ്യങ്ങളുടെയും അപൂർവദൃശ്യങ്ങൾ സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു.
അൽ അഖ്ലിൽ നീലിമയുടെ പരവതാനി വിരിച്ചുനിൽക്കുന്ന അഖബ കടലിടുക്കിലെ ജലം അതിരിടുന്നത് മുഖാമുഖമായി നിൽക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദിയിൽനിന്ന് ഈജിപ്ത്, ജോർഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളെ വീക്ഷിക്കാൻ കഴിയുന്നത് വിസ്മയകരമായ അനുഭവം തന്നെയാണ്. ഈജിപ്തിെൻറ പ്രസിദ്ധമായ സീനായ് മലനിരകളും ത്വാബ നഗരവും ഇസ്രായേലിലെ ഈലാത്ത് തുറമുഖവും ജോർഡനിലെ അഖബയും കാണാം.
ഓരോ രാജ്യവും നയനാനന്ദകരമായ വർണാഭമായ പ്രകാശവിളക്കുകൾ തങ്ങളുടെ തീരപ്രദേശത്തെ കുളിപ്പിച്ചുനിർത്താൻ ആസൂത്രണം ചെയ്തതായി നമുക്കിവിടെ ബോധ്യമാകും. സൗദിയുടെ തീരത്തുള്ള കുന്നുകൾക്ക് മുകളിൽ ദേശീയപതാകയും സൗദി ലോഗോയും ഖുർആൻ വചനങ്ങളും ദീപാലങ്കാരത്തോടെ മനോഹരമായി സ്ഥാപിച്ചിട്ടുണ്ട്.
വൈവിധ്യമാർന്ന അപൂർവ പവിഴപ്പുറ്റുകൾ നിറഞ്ഞ തെളിഞ്ഞ കടൽ തീരത്തെ സായന്തനക്കാഴ്ചയും വേറിട്ടതാണ്. അങ്ങകലെ സീനായ് കുന്നിൻ വിടവുകളിലൂടെ ചക്രവാളത്തിലേക്ക് പതിയെ പോകുന്ന അസ്തമയ സൂര്യെൻറ കാഴ്ചയും ഏറെ ഹൃദ്യത പകർന്നുനൽകുന്നു. പകൽ കാഴ്ചയെപോലെ ചാരുതയേറിയ രാത്രിദൃശ്യങ്ങളും ആവോളം ആസ്വദിച്ചാണ് സഞ്ചാരികൾ ഇവിടന്ന് മടങ്ങാറുള്ളത്. തീരങ്ങളിലെ കൂടാരങ്ങളിലും തണൽ വിരിച്ചുനിൽക്കുന്ന ചെറുതോട്ടങ്ങളിലും കുടുംബസമേതം ഉല്ലസിക്കുന്നവരും കടലിൽ മീൻപിടിക്കുന്നവരും നീന്തുന്നവരുമെല്ലാം ഇവിടത്തെ നിത്യകാഴ്ചയാണ്.
കടലിെൻറ മറു തീരത്തോടടുത്തുള്ള പ്രദേശങ്ങളിൽ കപ്പലുകളും അക്കരയിൽ ഇസ്രായേലിെൻറ ഈലാത്ത് പട്ടണത്തിലെ കെട്ടിടങ്ങളും വിദൂര കാഴ്ചയായി ദൃഷ്ടിയിൽ പതിയും. മൂസാ പ്രവാചകന് 10 കൽപനകൾ ലഭിച്ച സീനാ മല മുതൽ ഗസ്സമുനമ്പും ബൈത്തുൽ മുഖദിസും ഫലസ്തീെൻറ തീരാ ദുഃഖങ്ങളും ഇസ്രായേലിെൻറ നരനായാട്ടുമെല്ലാം ഇവിടെ എത്തുമ്പോൾ മനസ്സിലേക്ക് ഓടിയെത്തും.
തന്ത്രപ്രധാനമായ ഈ അതിർത്തിപ്രദേശം പട്ടാള ബാരിക്കേഡുകളോ പേടിപ്പെടുത്തുന്ന കാഴ്ചകളോ ഇല്ലാതെ ശാന്തമായിക്കിടക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.