റിയാദ്: തൊഴിൽ പ്രശ്നങ്ങളിൽപെട്ട് ദുരിതത്തിലായ നാലു മലയാളികളെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിെൻറ സഹായത്തോടെ നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലക്കാരായ അരുവിക്കുഴിയിൽ അനീഷ് കുമാർ, അയിരൂർ കാഞ്ഞീറ്റുകര വാഴയിൽ തോമസ് അലക്സാണ്ടർ, കൊല്ലം ചടയമംഗലം കുരിയോട് സ്വദേശി നൗഫൽ അബ്ദുൽ ജബ്ബാർ എന്നിവരെ കൂടാതെ ഒരു കണ്ണൂർ സ്വദേശിയെയുമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്.
ഡ്രൈവർ വിസയിലായിരുന്നു അനീഷ് കുമാറും തോമസ് അലക്സാണ്ടറും കഴിഞ്ഞ വർഷം നവംബറിലാണ് റിയാദിലെത്തിയത്. ഡ്രൈവർ ജോലിക്ക് പകരം ഒരാൾക്ക് കൃഷിത്തോട്ടത്തിലും മറ്റൊരാൾക്ക് ഒട്ടക ഫാമിലുമായിരുന്നു സ്പോൺസർ ജോലി നൽകിയത്.വെൽഫെയർ വിങ്ങിന് ലഭിച്ച ഫേസ്ബുക്ക് പോസ്റ്റിെൻറ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ഇരുവരും ദുരിതത്തിലായിരുന്നു. ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിക്കാതെ വന്നപ്പോൾ ഇരുവരും നാട്ടിൽ തങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചിരുന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ടി.കെ. രാമചന്ദ്രൻ നായർ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപെടുത്തി. ഇതനുസരിച്ച് ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ വിഷയത്തിൽ ഇടപെടാൻ ചുമതപ്പെടുത്തുകയും ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയും വെൽഫെയർ വിങ് വളൻറിയർമാരായ ഇംഷാദ് മങ്കട, ഉനൈസ് കാളികാവ് എന്നിവരും പ്രശ്നത്തിൽ ഇടപെട്ടു. നിരന്തര ഇടപെടലുകൾക്കൊടുവിൽ ഇവർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തൊഴിലുടമ നൽകാൻ തയാറായി. കഴിഞ്ഞ ദിവസം റിയാദിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇരുവരും നാട്ടിലെത്തിയത്. ഇരുവർക്കുമുള്ള വിമാന ടിക്കറ്റ് റിയാദിലെ സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് നൽകിയത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നൗഫൽ ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് വെൽഫെയർ വിങ്ങിനെ ബന്ധപ്പെടുന്നത്. വാഹനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പോൺസറുമായി തർക്കത്തിലായ നൗഫലിന് ഭക്ഷണവും ശമ്പളവുമെല്ലാം നിഷേധിക്കപ്പെട്ടു.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് നൗഫലിന് ഭക്ഷണവും മറ്റും വെൽഫെയർ വിങ് അംഗങ്ങൾ എത്തിച്ചുനൽകി. തുടർന്ന് വെൽഫെയർ വിങ് അംഗം സമീർ തിട്ടയിൽ നിരവധി തവണ സ്പോൺസറുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് എക്സിറ്റ് അടിച്ചുനൽകിയത്. ഒടുവിൽ കെ.എം.സി.സി നൽകിയ ടിക്കറ്റിൽ നൗഫലും നാട്ടിലെത്തി. നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇഖാമ കാലാവധി തീർന്നതിനെ തുടർന്ന് തർഹീൽ വഴി എക്സിറ്റ് അടിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം പേരിൽ വാഹനമുണ്ടായിരുന്നതിനാൽ നടന്നില്ല. സിദ്ദീഖ് തുവ്വൂർ മുനിസിപ്പാലിറ്റിയുമായും ട്രാഫിക് ഡിപ്പാർട്മെൻറുമായും ബന്ധപ്പെട്ടാണ് രേഖകൾ ശരിയാക്കിയത്. തുടർന്ന് സാമൂഹിക പ്രവർത്തകൻ നേവൽ ഇടപെട്ട് എക്സിറ്റ് അടിച്ചുനൽകുകയും കെ.എം.സി.സി നൽകിയ ടിക്കറ്റിൽ നാട്ടിലെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.