യാംബു: ലോകത്തെ ഏറ്റവും വലിയ സ്പോട്സ് വാഹനയോട്ട മത്സരമായ ‘സൗദി ഡാക്കർ റാലി 2023’ന്റെ നാലാം പതിപ്പിന് യാംബു അൽ ബഹ്ർ ക്യാമ്പിൽ ശനിയാഴ്ച തുടക്കം കുറിച്ചു. 68 രാജ്യങ്ങളിൽനിന്നുള്ള 453 വാഹനങ്ങളും ഡാക്കർ ക്ലാസിക് റേസിൽ 89 പ്രത്യേക വാഹനങ്ങളും പങ്കെടുക്കുന്ന റാലി 8,500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഈ മാസം 15 വരെ ഓട്ടം തുടരുന്ന സൗദി ഡാക്കർ റാലിയുടെ ഫിനിഷിങ് പോയന്റ് ദമ്മാമാണ്. തുടർച്ചയായ നാലാമത്തെ വർഷമാണ് സൗദി മരുഭൂമി ഡാക്കർ റാലിക്ക് പാതയൊരുക്കുന്നത്.
സൗദി മോട്ടോർ സ്പോർട്സ് കമ്പനിയും അമോറി സ്പോർട്സ് ഓർഗനൈസേഷനുമാണ് സംഘാടകർ. മത്സരത്തിൽ പങ്കെടുക്കുന്ന എലൈറ്റ് ഡ്രൈവർമാർ, റൈഡർമാർ, നാവിഗേറ്റർമാർ തുടങ്ങിയവരെ സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അഭിനന്ദിച്ചു. ഈ വർഷത്തെ റാലിയിൽ 14 ഘട്ടങ്ങളാണുള്ളത്. ചെങ്കടൽ തീരത്ത് യാംബുവിൽനിന്ന് രാജ്യത്തെ മരുഭൂമിയിലൂടെ പ്രത്യേകം വേർതിരിച്ച പാത അതിനായി ഒരുക്കിയിരിക്കുകയാണ്.
വടക്കുപടിഞ്ഞാറൻ പർവതപ്രദേശങ്ങളിലെ അൽബഹർ ക്യാമ്പിൽനിന്ന് പ്രാഥമിക യാത്രയോടെയാണ് ഡ്രൈവർമാർ മാർച്ച് ആരംഭിക്കുന്നത്. തെക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് അൽഉല, ഹാഇൽ, ദവാദ്മി, റിയാദ്, ഹറാദ്, അറുബുഹുൽ ഖാലി, ഷൈബ, ഹുഫൂഫ്, ദമ്മാം എന്നിവിടങ്ങളിലൂടെ കടന്നുപോകും. മത്സരത്തിൽ പങ്കെടുക്കുന്നവർ വിവിധ പ്രദേശങ്ങളിലൂടെ സാഹസിക യാത്ര നടത്തും. വൈവിധ്യമാർന്ന രാജ്യാന്തര കായികമേളയിലെ ഏറ്റവും വലിയ ഇനങ്ങളിലൊന്നുകൂടിയാണ് ഡാക്കർ റാലി. 125 മോട്ടോർ സൈക്കിളുകൾ, 19 ക്വാഡ് ബൈക്കുകൾ, 73 റേസിങ് കാറുകൾ, 56 ട്രക്കുകൾ, 47 ടി ത്രീ വാഹനങ്ങൾ, 46 ടി ഫോർ വാഹനങ്ങളടക്കം 455 വാഹനങ്ങളാണ് ഡാക്കർ റാലിയിൽ പങ്കെടുക്കുന്നത്. കൂടാതെ ടി ഫോർ വിഭാഗത്തിൽ 76 വാഹനങ്ങളും ഡാകർ ക്ലാസിക്, ട്രക്ക് വിഭാഗത്തിൽ 13 വാഹനങ്ങളും മത്സരത്തിൽ തീപാറിക്കും.
പൂർണമായും വനിതകളടങ്ങുന്ന അഞ്ച് സംഘങ്ങൾ ഇത്തവണ റാലിയിൽ സാന്നിധ്യം അറിയിക്കുന്നതും 54 വനിതകൾ ഡാക്കർ റാലിയിൽ മത്സരാർഥികളായി എത്തുന്നതും അതിൽ 34 പേർ ഡാക്കർ ക്ലാസിക് വിഭാഗത്തിൽ പോരിനൊരുങ്ങുന്നതും ഇത്തവണത്തെ സവിശേഷതയാണ്. 194 ഡ്രൈവർമാരെ റാലിയിൽ പങ്കെടുപ്പിക്കുന്ന ഫ്രാൻസാണ് കൂടുതൽ പേരെ ട്രാക്കിലിറക്കുന്നത്. സ്പെയിൻ 119ഉം, നെതർലൻഡ്സ് 90ഉം പേരെ പങ്കെടുപ്പിക്കുന്നുണ്ട്. ഈ വർഷത്തെ ഡാക്കർ റാലിയിൽ പങ്കെടുക്കുന്നവർ കൂടുതൽ വെല്ലുവിളി നേരിടേണ്ടി വരുമെന്നും ആഗോളതലത്തിൽ ശ്രദ്ധേയമായ മത്സരത്തിൽ സാഹസികത നേരിടാൻ തയാറായി സമർഥരായ ധാരാളം മത്സരാർഥികൾ മാറ്റുരക്കുന്നുണ്ടെന്നും ഡാക്കർ റാലി സംഘാടക ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.